ന്യൂഡൽഹി: ക്രൂരമായ മർദനത്തിനിരയായിട്ടും പോരാട്ടത്തിലുറച്ച് ജെ.എൻ.യു. വിദ്യാർഥികൾ. ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെയുള്ള പ്രതിഷേധത്തെ മൂന്നിടത്തുവെച്ചാണ് പോലീസ് നേരിട്ടത്. പകൽ രണ്ടുതവണ വിദ്യാർഥികൾക്കുനേരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് രാത്രി ഇരുട്ടിന്റെ മറയുണ്ടാക്കിയും സമരക്കാരെ തല്ലിയോടിച്ചു. എന്നാൽ, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാർഥി യൂണിയൻ.
രാവിലെ ജെ.എൻ.യു.വിൽ ലോങ്മാർച്ചായി വിദ്യാർഥികൾ പാർലമെന്റിന് മുന്നിലേക്കുപുറപ്പെട്ടു. സർവകലാശാലയുടെ പൂട്ടിയിട്ട ഗേറ്റുകളും ബാരിക്കേഡുകളും മറികടന്ന വിദ്യാർഥികളെ ഉച്ചയോടെ കാമ്പസിന് ഒരു കിലോമീറ്ററിനുള്ളിലുള്ള ബാബ ഗംഗനാഥ് മാർഗിലെ കേന്ദ്രീയവിദ്യാലയത്തിന് സമീപം പോലീസ് തടഞ്ഞു. ബിക്കാജി കാമപ്ലേസ് വഴി മാർച്ച് ചെയ്തുവന്നവരേയും പോലീസ് തടഞ്ഞു. വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും ചോരയൊലിച്ചുനിൽക്കുന്ന സമരക്കാരുടേയുമൊക്കെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ വാർത്തകളിലും നിറഞ്ഞു.
വൈകീട്ടോടെ സമരക്കാർ സഫ്ദർജങ് ടോമ്പിന് സമീപമെത്തി. മാർച്ചിനുനേരേ പോലീസ് ലാത്തിവീശി. മർദനത്തിലും തളരാതെ വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. റോഡ് ഉപരോധം അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. ഇതിനിടെ, അമ്പതോളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതിനുശേഷമായിരുന്നു പോലീസിന്റെ അടുത്ത ക്രൂരമായ നടപടി. യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നാലു ഭാരവാഹികളെ ചർച്ചയ്ക്കെന്ന പേരിൽ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി. വണ്ടിയിൽ ഏറെനേരം സഞ്ചരിച്ചശേഷം ജോർബാർഗിൽ വിദ്യാർഥികൾ റോഡ് ഉപരോധിക്കുന്ന സമരവേദിക്കു മുന്നിലെത്തി. രാത്രിയായതിനാൽ ചർച്ച നടക്കില്ലെന്നും അവരോടു പിരിഞ്ഞു പോവാൻ നിങ്ങൾതന്നെ പറയണമെന്ന് പോലീസ് യൂണിയൻ ഭാരവാഹികളോട് ആവശ്യപ്പെട്ടു. എന്നാൽ, നടത്താതെ മടങ്ങില്ലെന്ന് യൂണിയൻ നേതാക്കൾ ഉറച്ചനിലപാടെടുത്തു. ഇതോടെ, പ്രദേശത്തെ തെരുവുവിളക്കുകൾ മുഴുവൻ അണച്ച് ഇരുട്ടുണ്ടാക്കി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നേരേ പോലീസ് മർദനമഴിച്ചുവിട്ടു.
തെരുവിൽ തീയായി മാറിയ പ്രക്ഷോഭം തുടരാൻ തന്നെയാണ് വിദ്യാർഥികളുടെ തീരുമാനം. ശീതകാല പാർലമെന്റ് സമ്മേളനം തുടങ്ങിയതിനാൽ തിങ്കളാഴ്ച കടുത്ത പോലീസ് സന്നാഹത്തിലായിരുന്നു തലസ്ഥാനം. ഡൽഹി പോലീസിനു പുറമെ, സി.ആർ.പി.എഫ്. ജവാന്മാരും പലയിടങ്ങളിലായി നിലയുറപ്പിച്ചു. ജെ.എൻ.യു. സമരം പാർലമെന്റിലേക്ക് എത്താതിരിക്കാൻ പോലീസ് സന്നാഹം ശക്തമാക്കി. പാർലമെന്റിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് സമീപത്തെ നാല് മെട്രോസ്റ്റേഷനുകൾ അടച്ചിട്ടു. രാഷ്ട്രപതിഭവനിലേക്കും പാർലമെന്റിലേക്കുമുള്ള രാജ്പഥ് അടക്കമുള്ള വഴികളിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.