ന്യൂഡൽഹി: ജെ.എൻ.യു.വിൽ സമരം തിളച്ചു മറിയവേ കേന്ദ്രം നിയോഗിച്ച മൂന്നംഗസമിതി ബുധനാഴ്ച വിദ്യാർഥി യൂണിയൻ ഭാരവാഹികളുമായി ചർച്ചനടത്തും. അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് യൂണിയൻ ഭാരവാഹികൾ ചൊവ്വാഴ്ചയും ആവർത്തിച്ചു. കഴിഞ്ഞദിവസം ക്രൂരമായ പോലീസ് നടപടിയിൽ പ്രതിഷേധം തുടരവേ, വിദ്യാർഥികളുമായി കേന്ദ്രസമിതി നടത്തുന്ന ചർച്ചയെ ആശ്രയിച്ചായിരിക്കും സമരത്തിന്റെ ഭാവി.
ആവശ്യങ്ങൾ അംഗീകരിക്കാൻ ഇനിയൊരു പത്തു തവണ കൂടിവേണ്ടി വന്നാൽ പാർലമെന്റ് മാർച്ച് നടത്തുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഭാരവാഹികളെ കസ്റ്റഡിയിലെടുത്ത് പ്രക്ഷോഭത്തിന്റെ നട്ടെല്ലു തകർക്കാനാണ് ഡൽഹി പോലീസിന്റെ ശ്രമം. താനടക്കം നൂറു പേരെയെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തെന്ന് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ ഞങ്ങൾ പിന്നോട്ടില്ല. വി.എസിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അദ്ദേഹം രാജിവെച്ചൊഴിയണം. സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ സർവകലാശാലാതലത്തിലോ നിയമപരമായോ ഒരു നടപടിയും ഉണ്ടാവരുതെന്നും യൂണിയൻ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നിരന്തരം ഇ-മെയിലുകൾ വരുന്നു. ഇതൊരു പൊതുലക്ഷ്യത്തിനു വേണ്ടിയുള്ള സമരമാണ്. ഒരാൾക്കുപോലും ഒരു രൂപയുടെപോലും പിഴ വിധിക്കാൻ പാടില്ല. കേന്ദ്രം നിയോഗിച്ച സമിതിയെ കാണാൻ രജിസ്ട്രാർ തയ്യാറായിട്ടില്ല. സർക്കാരിനെ അവഗണിക്കുന്ന അവർ എങ്ങനെ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഐഷി ഘോഷ് ചോദിച്ചു.
Share this Article
Related Topics