ന്യൂഡൽഹി: സമരസാഗരമായി വീണ്ടും ജെ.എൻ.യു. പ്രക്ഷോഭം. പോലീസ് മർദനത്തിനും അടിച്ചമർത്തലിനുമൊന്നും കീഴടങ്ങി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ജെ.എൻ.യു. വിദ്യാർഥികൾ ശനിയാഴ്ച പാർലമെന്റ് മാർച്ച് നടത്തി. വിവിധ സർവകലാശാലകളിലെ വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്ന സമരത്തിൽ രാഷ്ട്രീയ-സാമൂഹികരംഗത്തെ നായകരും കൈകോർത്തതോടെ പ്രതിഷേധം പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള പ്രതിരോധമായി മാറി. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യത്തിൽ മണ്ഡിഹൗസിൽനിന്ന് ആരംഭിച്ച് പാർലമെന്റിനുസമീപം ജന്ദർമന്തറിൽ സമാപിച്ചതായിരുന്നു റാലി. വൻ പോലീസ് സന്നാഹവും അർധസൈനികരും ലുട്യൻസ് മേഖലയിൽ കാവൽനിന്നു. ബാരിക്കേഡുകൾ തീർത്ത് പോലീസ് വഴികളടച്ചതോടെ രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. ഹോസ്റ്റൽ ഫീസ് നിരക്കു വർധനയുടെ പശ്ചാത്തലത്തിൽ ജെ.എൻ.യു. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ അധ്യാപകർ, തൊഴിലാളികൾ, കുട്ടികൾ, മുതിർന്നവർ തുടങ്ങീ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. സമരത്തിന്റെ തുടർച്ചയായി 27-ന് ദേശീയ പ്രതിഷേധദിനം സംഘടിപ്പിക്കുമെന്നും വിദ്യാർഥിനേതാക്കൾ പ്രഖ്യാപിച്ചു.
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ഹനൻ മൊള്ള, ഭീംആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, സി.ഐ.ടി.യു. ഡൽഹി ജനറൽ സെക്രട്ടറി അനുരാഗ് സക്സേന, എസ്.എഫ.്ഐ. കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണൻ, ജെ.എൻ.യു. മുൻപ്രസിഡന്റ് കനയ്യ കുമാർ, ഉമർ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസഅവകാശം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കുമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നതാണ് ജെ.എൻ.യു.വിന്റെ എക്കാലത്തെയും പാരമ്പര്യം. നിയമനിർമാണസഭയിൽ ബോംബെറിഞ്ഞ ഭഗത്സിങ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പ്രതിഷേധസ്വരം കേൾപ്പിക്കുകയായിരുന്നു.
വിദ്യാർഥി വിരുദ്ധവും പൊതുവിദ്യാഭ്യാസത്തെ അട്ടിമറിക്കുന്നതുമാണ് കേന്ദ്രസർക്കാർ നയമെന്ന് ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് വിമർശിച്ചു. ഐ.ഐ.ടി., കേന്ദ്രസർവകലാശാലകൾ, സ്കൂളുകൾ തുടങ്ങി എല്ലാവർക്കും വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധമെന്നും ഐഷി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി സമരത്തെ പോലീസ് രൂക്ഷമായി നേരിട്ടിരുന്നു. ഒട്ടേറെ വിദ്യാർഥികൾക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. എന്നാൽ, മർദനങ്ങൾക്കുകീഴടങ്ങാതെ സമരത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ. കേന്ദ്രം നിയോഗിച്ച സമിതി വെള്ളിയാഴ്ച വിദ്യാർഥി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും സമവായമായിട്ടില്ല. സമിതി ഈയാഴ്ച റിപ്പോർട്ടുസമർപ്പിക്കും. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥി യൂണിയൻ.