ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളിലേക്ക് മാത്രമല്ല, ജനാധിപത്യ-രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്കൊക്കെ സമരജ്വാല പകര്‍ന്ന ജെ.എന്‍.യുവിലെ ആ ദിനത്തിന് വ്യാഴാഴ്ച ഒരു വര്‍ഷം. ഇന്ത്യന്‍ ജനാധിപത്യത്തില്‍തന്നെ പുതിയ വഴിത്തിരിവുകളും വ്യാഖ്യാനങ്ങളും സൃഷ്ടിച്ച ഒരു വര്‍ഷം കടന്നുപോവുമ്പോള്‍ സമരത്താല്‍ തിളയ്ക്കുകതന്നെയാണ് ജെ.എന്‍.യു. ബൗദ്ധിക ക്യാമ്പസ്സിലെ വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് എന്ന മേല്‍വിലാസത്തിനപ്പുറം കനയ്യ കുമാര്‍ എന്ന വിപ്ലവനായകന്‍ സൃഷ്ടിക്കപ്പെട്ട ഒരു വര്‍ഷം.
ദേശസ്‌നേഹവും ദേശവിരുദ്ധതയുമൊക്കെ രാഷ്ട്രീയവ്യാഖ്യാനങ്ങളുടെ സംവാദങ്ങളും സങ്കീര്‍ണതകളും സൃഷ്ടിച്ച വര്‍ഷം. അതുകൊണ്ടൊക്കെത്തന്നെ ഫിബ്രവരി ഒമ്പത് എന്നത് ജെ.എന്‍.യുവിനു മാത്രമല്ല, രാജ്യത്തിന്റെ സമരചരിത്രത്തിലൊന്നാകെ ഒരു മായാത്ത ഏടായി.'ഒരു പോസ്റ്റ് ഓഫീസില്ലാത്ത രാജ്യം' എന്ന പേരില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ ഇതേ ദിവസം സാംസ്‌കാരിക-സംവാദസന്ധ്യ നടന്നതാണ് വഴിത്തിരിവ്. തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, മഖ്ബുല്‍ ഭട്ട് തുടങ്ങിയവരെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു പരിപാടി. സംഘാടകരും എ.ബി.വി.പിക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന്, പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ ഇടപെട്ടു.
ഏതാനും ദൃശ്യമാധ്യമപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഈ പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴങ്ങുന്നതിന്റെ വാര്‍ത്ത പിറ്റേദിവസം പുറത്തുവന്നതോടെ ജെ.എന്‍.യു. പരിപാടിക്ക് മറ്റൊരു മാനം കൈവന്നു. ദേശീയമാധ്യമങ്ങള്‍ അത് ഏറ്റെടുത്തതോടെ ജെ.എന്‍.യുവില്‍ ഇന്ത്യാവിരുദ്ധ പരിപാടി എന്ന നിലയ്ക്കായി വ്യാഖ്യാനങ്ങള്‍. കനയ്യ കുമാറടക്കം എട്ടുവിദ്യാര്‍ഥികള്‍ ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായി. ഇതോടെ, ജെ.എന്‍.യു. സമരത്തില്‍ തിളച്ചു. ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ രാപകല്‍ പ്രക്ഷോഭം തുടങ്ങി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എ.ബി.വി.പിക്കാരും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണെന്നുള്ള വെളിപ്പെടുത്തലുകളുമുണ്ടായി.
എന്നാല്‍, കനയ്യയും വിദ്യാര്‍ഥി നേതാക്കളും രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ടു. തിഹാറില്‍ നിന്ന് കോടതിയില്‍ പ്രവേശിപ്പിച്ച വേളയില്‍ കനയ്യ ക്രൂരമായി മര്‍ദിക്കപ്പെട്ടതോടെ സമരം കത്തിപ്പടര്‍ന്നു. കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. ജയില്‍മോചിതനായ കനയ്യ കുമാര്‍ അര്‍ധരാത്രി ജെ.എന്‍.യുവിലെത്തി നടത്തിയ തീപ്പൊരിപ്രസംഗം ഇന്ത്യന്‍ ചരിത്രത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ സന്ദര്‍ഭങ്ങളിലൊന്നായി ഇടംപിടിച്ചു. ഉമര്‍ ഖാലിദ്, അനീര്‍ബാന്‍ തുടങ്ങിയ വിദ്യാര്‍ഥികളുടെയൊക്കെ മോചനവും പ്രസംഗവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു. കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെ രണ്ടുമാസത്തോളം നീണ്ട പ്രക്ഷോഭത്തിനു വേദിയായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അന്നുമുതല്‍ ആസാദി ചൗക്ക് എന്നറിയപ്പെട്ടു.
പിന്നീട്, വിദ്യാര്‍ഥിയൂണിയനിലേക്കുള്ള ഇടതുസഖ്യത്തിന്റെ വിജയം സമരത്തിനുള്ള അംഗീകാരമായി. നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥി മര്‍ദിക്കപ്പെട്ട ശേഷം കാണാതായ ദാരുണസംഭവത്തിനും കാമ്പസ് സാക്ഷിയായി. എ.ബി.വി.പിക്കാരായിരുന്നു മര്‍ദനത്തിനു പിന്നിലെങ്കിലും ഇവര്‍ക്കെതിരെ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. നജീബിനെ കണ്ടെത്താനുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ഇനിയും ഫലം കണ്ടിട്ടില്ല. ഇപ്പോള്‍, മറ്റൊരു സമരത്തിനു വേദിയാണ് ജെ.എന്‍.യു. ഗവേഷക വിദ്യാര്‍ഥികളെ ബാധിക്കുന്ന യു.ജി.സി. ഉത്തരവിനെതിരെ യൂണിയന്‍ സമരം തുടങ്ങി. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ ഏകപക്ഷീയ നടപടിക്കെതിരെയാണ് പ്രക്ഷോഭം. വിദ്യാര്‍ഥി യൂണിയന്റെ അനിശ്ചിതകാല നിരാഹാരം അവസാനിച്ചിട്ടില്ല. ആസാദി ചൗക്കില്‍ പ്രസംഗിക്കുന്നതിന് വി.സി. വിലക്കിയത് സമരം രൂക്ഷമാക്കി.
അതേസമയം, ഫിബ്രവരി ഒമ്പതിനെ അനുസ്മരിച്ച് പ്രഭാഷണം നടത്താനുള്ള എ.ബി.വി.പിയുടെ ആവശ്യവും ജെ.എന്‍.യു. അധികൃതര്‍ തള്ളി. എന്നാല്‍, എ.ബി.വി.പി. പിന്മാറിയിട്ടില്ല. വി.സിയുടെ നേതൃത്വത്തില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഷത്തിനാണ് ജെ.എന്‍.യു. സാക്ഷ്യം വഹിച്ചതെന്ന് വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് പി.പി. അമല്‍ 'മാതൃഭൂമി'യോടു പറഞ്ഞു.