ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് അടക്കമുള്ളവയിൽ മുഴുവൻ വിദ്യാർഥികൾക്കും ആനുകൂല്യം അനുവദിക്കണമെന്ന് ജെ.എൻ.യു. അധികൃതർ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട്. നിലവിൽ, ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർക്ക് മാത്രമാണ് ആനുകൂല്യം.
തിങ്കളാഴ്ചയാണ് ഏഴംഗ ഉന്നതതല സമിതി സർവകലാശാലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പുതുതായി ഈടാക്കാൻ നിശ്ചയിച്ച പ്രതിമാസ ഹോസ്റ്റൽഫീസ് 2000 രൂപയിൽനിന്ന് 1000 രൂപയാക്കി കുറയ്ക്കണമെന്ന് സമിതി ശുപാർശ ചെയ്തു. വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ഈടാക്കുന്ന 300 രൂപ ഉൾപ്പെടെയാണിത്. അതേസമയം, ബി.പി.എൽ. വിദ്യാർഥികളിൽനിന്ന് ആകെ 500 രൂപമാത്രമേ ഈടാക്കാവൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം ബി.പി.എൽ. വിദ്യാർഥികൾക്ക് 75 ശതമാനവും മറ്റുള്ളവർക്ക് 50 ശതമാനവും ആനുകൂല്യമാണ് ലഭിക്കുക. വിദ്യാർഥി പ്രതിനിധികളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചശേഷമാണ് അന്തിമതീരുമാനം എടുത്തത്.
പരിഷ്‌കരിച്ച മാനദണ്ഡങ്ങളോടെ പുതിയ ഹോസ്റ്റൽച്ചട്ടം 2020 ജനുവരിമുതൽ നടപ്പാക്കാമെന്ന് സമിതി അറിയിച്ചു. സമിതിയുടെ നിർദേശങ്ങൾ സർവകലാശാലയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗീകരിച്ചതായി ജെ.എൻ.യു. അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, സമിതിയുമായി ഒരിക്കലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കൗൺസിലിലെ മൂന്നുപേർ ഉന്നയിച്ചു. സർവകലാശാല സ്വന്തംനിലയിൽ സമിതിയെ നിയോഗിച്ചതിനെ വിമർശിച്ച് വിദ്യാർഥി യൂണിയൻ, അധ്യാപക അസോസിയേഷൻ എന്നിവർ രംഗത്തുവന്നിരുന്നു.
അതേസമയം, സർവകലാശാലാ അധികൃതരുടെ പ്രസ്താവന പുറത്തുവന്നതിനുപിന്നാലെ വിദ്യാർഥിസംഘടനയോട് വിയോജിപ്പ് പ്രകടിപ്പിച്ച അധ്യാപക അസോസിയേഷൻ സമിതിയുടെ റിപ്പോർട്ടിനെ അനുകൂലിച്ചു. ജെ.എൻ.യു. വിഷയത്തിൽ കേന്ദ്ര മാനവശേഷിമന്ത്രാലയം നിയോഗിച്ച മൂന്നംഗസമിതി വൈകാതെ റിപ്പോർട്ട് സമർപ്പിക്കും.
വിദ്യാർഥികളും സർവകലാശാലാ അധികൃതരും തമ്മിലുള്ള പ്രശ്‌നം ഇതുവരെ ഒത്തുതീർപ്പായിട്ടില്ല. ബുധനാഴ്ച ദേശീയ പ്രതിഷേധദിനം സംഘടിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്. ജെ.എൻ.യു. വിദ്യാർഥിയൂണിയൻ മുൻ പ്രസിഡന്റുമാരായ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.