ന്യൂഡൽഹി: ഹോസ്റ്റൽഫീസ് വർധന അടക്കമുള്ള വിഷയത്തിൽ സമരം നടത്തുന്ന ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു.) വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജെ.എൻ.യു. വിദ്യാർഥി യൂണിയന്റെ മുൻപ്രസിഡന്റുമാർ രംഗത്തെത്തി. ഇടതുപക്ഷവും ബി.ജെ.പി.യും തമ്മിലുള്ള വിഷയമല്ല ജെ.എൻ.യു. സമരമെന്ന് മുൻ പ്രസിഡന്റുമാരായ സി.പി.എം. ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അടക്കമുള്ളവർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ വിവിധ പ്രശ്നങ്ങൾക്കെതിരേ ജെ.എൻ.യു. എപ്പോഴും പ്രതിഷേധിച്ചിട്ടുണ്ടെന്നും അധികൃതർ ഇവ കൈകാര്യം ചെയ്യുന്നരീതിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നെന്നും നേതാക്കൾ പറഞ്ഞു. വിദ്യാർഥികളുടെ പ്രതിഷേധറാലിക്കെതിരായ പോലീസ് നടപടിയിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുക, വിദ്യാർഥി-അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം ജനാധിപത്യവത്കരിക്കുക, ജി.ഡി.പി.യുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻപ്രസിഡന്റുമാർ ഉന്നയിച്ചു.
ഈമാസം 27-ന് നടക്കുന്ന ദേശീയ പ്രതിഷേധദിനത്തിന് അവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്ന ജെ.എൻ.യു.വിന്റെ സ്വഭാവം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രക്ഷോഭം സുപ്രധാനമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. നവ വിദ്യാഭ്യാസനയത്തിനെതിരേ ഉയർന്നുവരാൻപോവുന്ന സമരത്തിന്റെ പരിച്ഛേദമാണ് ജെ.എൻ.യു.വിലെ പ്രതിഷേധമെന്ന് പ്രതിരോധ ശാസ്ത്രജ്ഞൻ ഡോ. ഡി. രഘുനന്ദൻ അഭിപ്രായപ്പെട്ടു. മുൻ പ്രസിഡന്റുമാരായ നളിനി രഞ്ജൻ മൊഹന്തി, ഷക്കീൽ അഹമ്മദ് ഖാൻ, ദേവി പ്രസാദ് ത്രിപാദി, എ.ആർ. മോഹൻ, സൂര്യജിത്ത് മജുംദാർ, എൻ. സായ് ബാലാജി തുടങ്ങിയവരും സംസാരിച്ചു.
Share this Article
Related Topics