ന്യൂഡൽഹി: ഹോസ്റ്റൽഫീസ് വർധന വിഷയത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ ഉന്നതതലസമിതിയുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ പരസ്യമാക്കണമെന്നാവശ്യപ്പെട്ട് മാനവശേഷിമന്ത്രാലയത്തിന് മുമ്പിൽ വെള്ളിയാഴ്ച ജെ.എൻ.യു. വിദ്യാർഥികൾ പ്രതിഷേധം നടത്തി. മാനവശേഷി മന്ത്രാലയ സെക്രട്ടറി ആർ. സുബ്രഹ്മണ്യനുമായി വിദ്യാർഥിയൂണിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
സെക്രട്ടറിയെ സന്ദർശിച്ച് ആവശ്യങ്ങൾ അറിയിച്ചെന്നും വൈകാതെ തങ്ങളെ കാണാൻ മന്ത്രി തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കിയെന്നും ജെ.എൻ.യു. വിദ്യാർഥിയൂണിയൻ പ്രസിഡന്റ് ഐഷി ഗോഷ് പറഞ്ഞു. നിലവിൽ, ഉന്നതസമിതിയുടെ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറല്ലെന്നാണ് മന്ത്രാലയം പറഞ്ഞത്. സമരം തുടരുമെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും ഐഷി വ്യക്തമാക്കി.
വിഷയത്തിൽ കഴിഞ്ഞ ഒരുമാസമായി സമരം നടത്തുകയാണ് വിദ്യാർഥികൾ. ഫീസ് വർധന പൂർണമായി പിൻവലിച്ചാൽ മാത്രമേ സമരത്തിൽനിന്ന് പിൻമാറൂവെന്നാണ് അവരുടെ നിലപാട്.
Share this Article
Related Topics