ന്യൂഡൽഹി: ഹോസ്റ്റൽഫീസ് വർധന സംബന്ധിച്ച സമരത്തിന്റെ ഭാഗമായി ജെ.എൻ.യു. വിദ്യാർഥി യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധദിനം ഡൽഹിയിൽ അരങ്ങേറി. ഇതിന്റെ ഭാഗമായി ജെ.എൻ.യു. ഉൾപ്പെടെയുള്ള നഗരത്തിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. കൊണാട്ട്‌പ്ലേസിലെ സെൻട്രൽ പാർക്കിന് ചുറ്റുമായിരുന്നു നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന മനുഷ്യച്ചങ്ങല അരങ്ങേറിയത്. പുതിയ വിദ്യാഭ്യാസനയത്തെ എതിർക്കുന്നുവെന്ന് എഴുതിയ ബാനറുകളുമായാണ് വിദ്യാർഥികൾ എത്തിയത്.
ഡൽഹി സർവകലാശാല, ഇന്ദ്രപ്രസ്ഥ സർവകലാശാല തുടങ്ങിയ സർവകലാശാലകളിലെ ആൺകുട്ടികളും പെൺകുട്ടികളും അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. ജെ.എൻ.യു.വിന് പുറമേ ഇന്ദ്രപ്രസ്ഥ സർവകലാശാലയിലും ഫീസ് ഉയർത്തിയെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഫീസ് വർധന പൂർണമായി പിൻവലിക്കണമെന്ന് മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഗോഷ് പറഞ്ഞു. ഐ.ഐ.ടി., എയിംസ് എന്നിവിടങ്ങളിൽ അനുകൂലനടപടികൾ ഉണ്ടാവാൻ ജെ.എൻ.യു. സമരം വഴിയൊരുക്കി. ജെ.എൻ.യു.വിൽ നടക്കുന്ന പോലുള്ള സംഭവങ്ങൾ രാജ്യത്തെ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലും അരങ്ങേറുന്നുണ്ട്. ദേശീയവിഷയമായി മാറിയിരിക്കുകയാണ് ജെ.എൻ.യു. സമരം. കേന്ദ്ര മാനവശേഷിമന്ത്രാലയം നിയോഗിച്ച ഉന്നതതലസമിതിയുടെ നിർദേശങ്ങൾ പരസ്യപ്പെടുത്തണം. ഇക്കാര്യമാവശ്യപ്പെട്ട് മന്ത്രാലയത്തിന് കത്തെഴുതുന്നകാര്യം തങ്ങൾ ആലോചിക്കുന്നുണ്ടെന്നും ഐഷി വ്യക്തമാക്കി.
യു.ജി.സി. മുൻ ചെയർമാൻ വി.സി. ചൗഹാൻ, എ.ഐ.സി.ടി.ഇ. ചെയർമാൻ അനിൽ സഹസ്രബുദ്ധെ, യു.ജി.സി. സെക്രട്ടറി രജനീഷ് ജെയ്ൻ എന്നിവർ അടങ്ങുന്നതാണ് കേന്ദ്രം നിയോഗിച്ച മൂന്നംഗസമിതി. ജെ.എൻ.യു. അധികൃതർ, വിദ്യാർഥികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സമിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നാലാഴ്ചമുമ്പ് ആരംഭിച്ച സമരം ജെ.എൻ.യു. വിദ്യാർഥികൾ ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. ഹോസ്റ്റൽഫീസ് ഇനത്തിൽ എല്ലാ വിദ്യാർഥികൾക്കും ആനുകൂല്യം നൽകണമെന്ന് ഉന്നയിച്ച് ജെ.എൻ.യു. സ്വന്തംനിലയിൽ നിയോഗിച്ച മൂന്നംഗ ഉന്നതതലസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്ക് 75 ശതമാനവും മറ്റുള്ളവർക്ക് 50 ശതമാനവും ആനുകൂല്യം നൽകണമെന്നാണ് സമിതിയുടെ നിർദേശം. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ സർവകലാശാല അന്തിമതീരുമാനം എടുത്തിട്ടില്ല. പുതിയ ഹോസ്റ്റൽച്ചട്ടങ്ങൾ ഭാഗികമായി പിൻവലിക്കാമെന്ന് ജെ.എൻ.യു. എക്സിക്യുട്ടീവ് കൗൺസിൽ അറിയിച്ചിരുന്നു. എന്നാൽ, ‘കണ്ണിൽപ്പൊടി’യിടാനുള്ള നീക്കമാണിതെന്നു കുറ്റപ്പെടുത്തിയ വിദ്യാർഥികൾ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.