ജെ.എന്‍.യു.വിലെ ഐഡിയ ഓഫ് യൂണിവേഴ്‌സിറ്റി വന്‍ വിജയം


1 min read
Read later
Print
Share

ന്യൂഡല്‍ഹി: അധികൃതരുടെ വിലക്കിനെ മറികടന്ന് ജെ.എന്‍.യു.വില്‍ നടത്തിയ സാമ്പത്തിക-ചരിത്ര മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടി വന്‍വിജയം. ജെ.എന്‍.യു. യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഐഡിയ ഓഫ് യൂണിവേഴ്‌സിറ്റി' എന്ന പരിപാടിയില്‍ സാമ്പത്തികവിദഗ്ധന്‍ പ്രൊ. പ്രഭാത് പട്‌നായിക്, ചരിത്രകാരന്‍ ഹര്‍ബന്‍സ് മുഖ്യ, ജെ.എന്‍.യു.വിലെ അധ്യാപകനും കവിയുമായ ചമന്‍ലാല്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഊര്‍മിളേഷ് സിങ്, തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വെള്ളിയാഴ്ച വൈകീട്ട് നിശ്ചയിച്ചിരുന്ന പരിപാടി വിലക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു.

ജനാധിപത്യം, പ്രതിരോധം, ഭാവിയിലെ വെല്ലുവിളികള്‍ എന്നിവ ചര്‍ച്ചയാക്കിയ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ പ്രഭാത് പട്‌നായിക്കിനും മറ്റും കത്തയച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്‍പില്‍ പൊതുപരിപാടികളും യോഗങ്ങളും അനുവദിക്കാനാകില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാഥിതികള്‍ മടങ്ങിപ്പോകാന്‍ അധികൃതര്‍ നേരിട്ടറയിച്ചു. തങ്ങളും ജെ.എന്‍.യു.വില്‍ പഠിച്ചവരും പഠിപ്പിച്ചവരുമാണെന്നും ആവിഷ്‌കാര സ്വാതന്ത്രത്തെ തടയാനുള്ള നീക്കങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അതിഥികള്‍ മറുപടി നല്‍കി. തുടര്‍ന്ന് നിശ്ചയിച്ചപ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ തന്നെ പരിപാടി നടന്നു.

'ചിന്തയുടെ പ്രതീകമാണ് ജെ.എന്‍.യു. അതിനെ അടിച്ചമര്‍ത്താനാണ് ഭരണാധികാരികളുടെ ശ്രമം. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു മാത്രമേ നേരിടാനാകൂ, ആയുധങ്ങള്‍കൊണ്ട് ഒരിക്കലുമാകില്ല. ആശയ ദാരിദ്ര്യമുള്ളവരാണ് വാളെടുക്കുന്നത്', പട്‌നായിക് പറഞ്ഞു.

വിദ്യാര്‍ഥികളില്‍ ദേശ സ്‌നേഹമുണര്‍ത്താന്‍ കാമ്പസിനകത്ത് യുദ്ധ ടാങ്കുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട വൈസ് ചാന്‍സലറെ ഹിറ്റ്‌ലറോടും മുസോളിനിയോടും ചമന്‍ലാല്‍ താരതമ്യപ്പെടുത്തി. വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇങ്ങനെ ചിന്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ജെ.എന്‍.യു.വുമായി ആത്മബന്ധം പുലര്‍ത്തുന്ന പ്രമുഖവ്യക്തികളെ അവഹേളിക്കുന്ന രീതിയിലാണ് വൈസ്ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram