ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു.) ഹോസ്റ്റൽഫീസ് വർധിപ്പിച്ചതിനെതിരേ എ.ബി.വി.പി. പ്രതിഷേധപ്രകടനം നടത്തി. ജെ.എൻ.യു., ഡി.യു. എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു. മണ്ഡിഹൗസിൽനിന്ന് ശാസ്ത്രിഭവനിലെ കേന്ദ്ര മാനവശേഷിമന്ത്രാലയത്തിലേക്ക് വ്യാഴാഴ്ച മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകൾ ഉപയോഗിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഏതാനും പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കുകയും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പോലീസ്, സി.ആർ.പി.എഫ്. എന്നിവരുമായി മൽപ്പിടിത്തവും നടത്തി. തുടർന്ന് വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഇതോടെ ഡി.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അക്ഷിത് ധാഹിയ, എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി സിദ്ധാർഥ് യാദവ് അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ജെ.എൻ.യു. അധികൃതർ, മാനവശേഷിമന്ത്രാലയം എന്നിവർക്കെതിരേ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി. മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാൽ രാജിവെക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഫീസ്‌വർധന പൂർണമായി പിൻവലിക്കണമെന്നും വസ്ത്രകോഡ്, സമയനിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് മുമ്പ് പണം നൽകേണ്ടിയിരുന്നില്ലെന്നും പുതിയനിയമംകാരണം പണംമുടക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.
Share this Article