ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാലയുടെ ഇടതുചെങ്കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഇത്തവണയും എതിരാളികൾക്കായില്ല. എസ്.എഫ്.ഐ.യും ഐസയുമെല്ലാം ഒന്നിച്ചുപോരാടിയ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി.യെ ബഹുദൂരം പിന്നിലാക്കി ‘യുണൈറ്റഡ് ലെഫ്റ്റി’ന് മിന്നുന്നവിജയം.
പതിവുപോലെ ഇക്കുറിയും ചൂടേറിയ ചർച്ചകളും സംവാദങ്ങളും അരങ്ങുതകർത്ത ജെ.എൻ.യു. കാമ്പസിൽ വോട്ടെണ്ണലിനുമുമ്പ് കൈയാങ്കളി വരെയെത്തിയിരുന്നു കാര്യങ്ങൾ. എന്നാൽ ഫലം ഇടത് സഖ്യത്തിനൊപ്പംനിന്നു. ഐസ, എസ്.എഫ്.ഐ. എന്നിവയ്ക്ക് പുറമേ ഡി.എസ്.എഫ്., എ.ഐ.എസ്.എഫ്. എന്നിവരെല്ലാം ഒരൊറ്റ ബാനറിനുകീഴിൽ മത്സരിച്ചാണ് തിളക്കമാർന്ന ജയം സ്വന്തമാക്കിയത്.
ഇടതുസംഘടനകളുടെ നേതൃത്വത്തിൽ ജെ.എൻ.യു.വിൽ ഞായറാഴ്ച വൻ ആഹ്ലാദപ്രകടനമാണ് നടന്നത്. ബാലറ്റുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് വലിയ സംഘർഷത്തിലേക്കുവരെയെത്തിയ തിരഞ്ഞെടുപ്പിനൊടുവിലാണ് ജെ.എൻ.യു. വീണ്ടും ചുവപ്പണിഞ്ഞത്. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ എൻ. സായി ബാലാജിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
എ.ബി.വി.പി.യുടെ ലളിത് പാണ്ഡെയെ 1,179 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സായി പിന്നിലാക്കിയത്. വൈസ് പ്രസിഡന്റായി മത്സരിച്ച ഡി.എസ്.എഫിന്റെ സരിക ചൗധരി ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെയാണ് (1,680) എ.ബി.വി.പി.യുടെ ഗീതശ്രീ ബോറയെ തോൽപ്പിച്ചത്. എസ്.എഫ്.ഐ.യുടെ ഐജാസ് അഹമ്മദ് ജനറൽ സെക്രട്ടറിയായും എ.ഐ.എസ്.എഫിലെ മലയാളി വിദ്യാർഥിനി അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ 67.8 ശതമാനം പേരാണ് ജെ.എൻ.യു.വിൽ പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവുംവലിയ പോളിങ്ങാണിതെന്ന് കരുതുന്നു. അയ്യായിരത്തിലേറെ വിദ്യാർഥികൾ വോട്ട് ചെയ്തു. കഴിഞ്ഞവർഷവും ഇടതു സംഘടനകൾക്കായിരുന്നു ജെ.എൻ.യു.വിൽ ജയം.