രാവിലെ ഒമ്പതരമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ആദ്യഘട്ടവും രണ്ടരമുതല്‍ വൈകീട്ട് അഞ്ചരവരെ രണ്ടാംഘട്ടവുമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ 25 ശതമാനം മാത്രമായിരുന്നു പോളിങ്. രണ്ടാംഘട്ടം തീര്‍ന്നപ്പോഴേക്കും മൊത്തം 58 ശതമാനമായി ഉയര്‍ന്നു. പതിവിനു വിപരീതമായി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്നുള്ള പോളിങ് കുറഞ്ഞത് ഇടതുപക്ഷത്ത് ആശങ്കസൃഷ്ടിച്ചു. ഇടതുകോട്ടയായി അറിയപ്പെടുന്ന പഠനവിഭാഗമാണിത്. ഇത്തവണ നാനൂറിലേറെ വോട്ടുകളുടെ കുറവ് പോളിങ്ങിലുണ്ടായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 2600 വിദ്യാര്‍ഥികളില്‍ 1700 പേര്‍ വോട്ടുചെയ്തു. ഇത്തവണയാവട്ടെ വിദ്യാര്‍ഥികളുടെ എണ്ണത്തിലും കുറവുണ്ടായി. 2300 വിദ്യാര്‍ഥികളില്‍ 1200 പേരേ വോട്ടുചെയ്യാനെത്തിയിട്ടുള്ളൂ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് കുറഞ്ഞെങ്കിലും എണ്ണത്തിന് ആനുപാതികമായി കുറവേ ഉണ്ടായിട്ടുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐസ, എസ്.എഫ്.ഐ., ഡി.എസ്.എഫ്. എന്നീ ഇടതുസംഘടനകള്‍ യുണൈറ്റഡ് ലെഫ്റ്റ് എന്ന സഖ്യത്തിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനം നല്‍കിയില്ല എന്നതിന്റെ പേരില്‍ എ.ഐ.എസ്.എഫ്. ഈ സഖ്യത്തില്‍നിന്നു വിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും അവര്‍ സഖ്യത്തില്‍നിന്നു വിട്ടുനിന്നെങ്കിലും മത്സരിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. മലയാളിയായ അപരാജിത രാജയാണ് എ.ഐ.എസ്.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി.
ഇടതുപക്ഷത്തെ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് എ.ബി.വി.പിക്ക് നേട്ടമായേക്കും. ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ബാപ്‌സ ഇടതുപക്ഷത്തിനും എ.ബി.വി.പി.ക്കും വെല്ലുവിളിയായി. എല്ലാ സംഘടനകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പെണ്‍കുട്ടികളെ അണിനിരത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിധി ത്രിപാഠി (എ.ബി.വി.പി.), അപരാജിത രാജ (എ.ഐ.എസ്.എഫ്.), വൃഷ്ണിക സിങ് (എന്‍.എസ്.യു.ഐ.), ഷബാന അലി (ബാപ്‌സ), ഗീതാകുമാരി (ഐസ, എസ്.എഫ്.ഐ., ഡി.എസ്.എഫ്. കൂട്ടായ്മ) എന്നിവരാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വിദ്യാര്‍ഥി യൂണിയന്‍ ആരു ഭരിക്കുമെന്ന രാഷ്ട്രീയചിത്രം ശനിയാഴ്ച വ്യക്തമാവും.