ന്യൂഡൽഹി: ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്ന് ജെ.എൻ.യു. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുഫലം ചൊവ്വാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടു. എസ്.എഫ്.ഐ., ഡി.എസ്.എഫ്., എ.ഐ.എസ്.എഫ്., ഐസ എന്നിവയുൾപ്പെട്ട ഇടതുസഖ്യമാണ് നാലുസീറ്റുകളിലും വിജയിച്ചത്.
ഐഷി ഗോഷ് (പ്രസിഡന്റ്), സാകേത് മൂൺ (വൈസ് പ്രസിഡന്റ്), സതീഷ് ചന്ദ്ര യാദവ് (ജന. സെക്രട്ടറി), എം.ഡി. ഡാനിഷ് (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഈമാസം ആറിനായിരുന്നു വോട്ടെടുപ്പ്. എട്ടിനായിരുന്നു ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നത്.
എന്നാൽ, തങ്ങളുടെ നാമനിർദേശപത്രിക അകാരണമായി തള്ളിയെന്ന് ഉന്നയിച്ചു രണ്ടു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ഫലം പ്രഖ്യാപിക്കുന്നതിനു കോടതി താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തവണ 67.9 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ ഏഴുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പോളിങ്ങാണ് ഇതെന്നാണ് കണക്കാക്കുന്നത്. 5,700-ലധികം വിദ്യാർഥികൾ വോട്ടുരേഖപ്പെടുത്തിയിരുന്നു.
Share this Article
Related Topics