സംഘർഷമൊഴിയാതെ ജെ.എൻ.യു.


1 min read
Read later
Print
Share

നിയന്ത്രണങ്ങളല്ല, അക്രമികൾക്കെതിരേ നടപടിയാണ് വേണ്ടതെന്ന് വിദ്യാർഥി യൂണിയൻ

ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനുശേഷം സംഘർഷമൊഴിയാതെ ജെ.എൻ.യു. പരാജയത്തിന്റെ മോഹഭംഗത്തിൽ കാമ്പസിൽ അക്രമമഴിച്ചുവിടുകയാണ് എ.ബി.വി.പി.യെന്നാണ് ഇടതുവിദ്യാർഥി സംഘടനകളുടെ ആരോപണം. ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലുകളിൽ റെയ്ഡു നടത്തിയതും വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഹോസ്റ്റലുകളിലും മെസ്സുകളിലും നിയന്ത്രണം ഏർപ്പെടുത്തിയ ജെ.എൻ.യു. അധികൃതരുടെ തീരുമാനം വിദ്യാർഥി യൂണിയൻ തള്ളി.

ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിച്ച് ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് എൻ. സായ് ബാലാജി സഹായം അഭ്യർഥിച്ചു. എ.ബി.വി.പി. നിരന്തരമായി സംഘർഷവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ സായ് ബാലാജി മുഖ്യമന്ത്രിയോടു പറഞ്ഞു. ഹിറ്റ്‌ലറിൽനിന്നു പ്രചോദനം ഉൾക്കൊണ്ടവരാണ് അവരെന്ന്‌ മുഖ്യമന്ത്രി മറുപടിനൽകിയതായി ബാലാജി പറഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമം. വിദ്യാർഥികൾ ഒറ്റക്കെട്ടായി ആ നീക്കത്തെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഹോസ്റ്റലുകളിൽ പ്രവേശിക്കാനാണ് ജെ.എൻ.യു. അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ വിദ്യാർഥികൾ സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന നിർദേശം അനുസരിക്കേണ്ടതില്ലെന്ന്‌ വിദ്യാർഥി യൂണിയൻ ആഹ്വാനംചെയ്തു. മെസ് കൂപ്പണുകൾ നൽകില്ലെന്ന തീരുമാനവും അംഗീകരിക്കാനാവില്ല. പുറത്തുനിന്നുള്ള ആരെങ്കിലും ഹോസ്റ്റലുകളിൽ പ്രവേശിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതു പരിശോധിക്കാൻ അതതിടങ്ങളിൽ മെസ് കമ്മിറ്റികളുണ്ടെന്നും വിദ്യാർഥി യൂണിയൻ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾക്കു വിധേയമായി അതിഥികളെ നേരത്തേതന്നെ ഹോസ്റ്റലുകളിൽ അനുവദിച്ചിരുന്നു. എന്നാൽ, അതിഥികളെ ആരെയും ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കരുതെന്ന അധികൃതരുടെ നിർദേശം അംഗീകരിക്കാനാവില്ല. കാമ്പസിലെ ധാബകളും കാന്റീനുകളും അടച്ചിട്ട നടപടിയും ചെറുത്തുതോൽപ്പിക്കുമെന്ന്‌ വിദ്യാർഥി യൂണിയൻ പറഞ്ഞു. വിദ്യാർഥി നേതാക്കളുമായി കൂടിയാലോചന നടത്താതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് അധികൃതർ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനു പകരം അക്രമം നടത്തിയവർക്കെതിരേ കർശന നടപടിയെടുക്കുകയാണ് അധികൃതർ ചെയ്യേണ്ടതെന്നും വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾക്കെതിരേ ഒപ്പുശേഖരണം നടത്തി നിവേദനം സമർപ്പിക്കാനാണ് ധാരണ. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ എസ്.എഫ്.ഐ. നേതാവും മലയാളിയുമായ നിധീഷ് നാരായണൻ അടക്കമുള്ളവർക്ക്‌ മർദനമേറ്റിരുന്നു. വിദ്യാർഥി യൂണിയൻ നേതാക്കൾക്കുനേരെയും ഭീഷണിയും കൈയേറ്റവുമുണ്ടായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram