ജെ.എന്‍.യു.വില്‍ അക്കാദമിക കൊലയെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്


By

1 min read
Read later
Print
Share

വൈസ് ചാന്‍സലറെ തടഞ്ഞതും അക്കാദമിക് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയതുമടക്കമുള്ള പരാതിയില്‍ പാണ്ഡെയടക്കം ഒട്ടേറെ വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു.

ന്യൂഡല്‍ഹി: താനടക്കമുള്ള നാലു വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നിഷേധിച്ച ജെ.എന്‍.യു. അധികൃതരുടെ നടപടി അക്കാദമിക കൊലയെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെ ആരോപിച്ചു. വൈസ് ചാന്‍സലറെ തടഞ്ഞതും അക്കാദമിക് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയതുമടക്കമുള്ള പരാതിയില്‍ പാണ്ഡെയടക്കം ഒട്ടേറെ വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. 20,000 രൂപ പിഴയടച്ചെങ്കിലേ രജിസ്‌ട്രേഷന്‍ നടത്താനാവൂവെന്നാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍, പിഴ അടയ്ക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

ചില വിദ്യാര്‍ഥികളാവട്ടെ പിഴയൊടുക്കുകയും ചെയ്തു. പക്ഷേ, വിദ്യാര്‍ഥിയൂണിയന്‍ നേതാക്കള്‍ വിഷയം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നതിന്റെ പേരില്‍ പിഴയടച്ചില്ല. പക്ഷേ, സെമസ്റ്റര്‍ രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിച്ചതോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.


lതാന്‍ മൂന്നരവര്‍ഷമായി പഠിക്കുന്നു. ഈ സമയത്ത് പഠനം നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്ന് മോഹിത് പാണ്ഡെ പറഞ്ഞു. വൈസ് ചാന്‍സലറെ കാണാന്‍ താന്‍ ശ്രമിച്ചു. എന്നാല്‍, അനുവാദം ലഭിച്ചില്ല. വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ഇത്തരമൊരു അവഗണന അക്കാദമിക കൊലപാതകമാണ് തെളിയിക്കുന്നതെന്നും മോഹിത് പാണ്ഡെ കുറ്റപ്പെടുത്തി. ഇതോടെ, താന്‍ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കപ്പെട്ടിരിക്കുകയാണെന്നും പാണ്ഡെ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിദ്യാര്‍ഥികള്‍ ജെ.എന്‍.യുവില്‍ സമരം നടത്തുന്നു. തങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ അനുമതി നല്‍കണമെന്നാണ് അവരുടെ ആവശ്യം. വി.സി.യുടെ മുഖംമൂടി ധരിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ പണപ്പിരിവു നടത്തുകയും ചെയ്തു. ഇതിനിടെ, പ്രസിഡന്റ് മോഹിത് പാണ്ഡെ പിഴ അടയ്‌ക്കേണ്ടതില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മറ്റു ചില വിദ്യാര്‍ഥികള്‍ പിഴയൊടുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

വരും ദിവസങ്ങളില്‍ വലിയ സമരത്തിനു തയ്യാറെടുക്കുകയാണെന്ന് മോഹിത് പാണ്ഡെ പറഞ്ഞു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് കഴിഞ്ഞ വര്‍ഷം മുതല്‍ അധികൃതരുടെ ശ്രമം. പിഴ അടിച്ചേല്‍പ്പിക്കുകയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയുമൊക്കെ ചെയ്താണ് വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നതെന്നും മോഹിത് പാണ്ഡെ കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram