ഐ.ടി.ഒയിലെ പോലീസ് ആസ്ഥാനത്തേയ്ക്കു നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ജെ.എന്‍.യു, ജാമിയ മിലിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. ഡി.യു.വില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ജെ.എന്‍.യു. വിദ്യാര്‍ഥി ഉമര്‍ ഖാലിദ് മാര്‍ച്ചിനെത്തി. പ്രസംഗത്തിനിടെ, 'എ.ബി.വി.പി. സേ ആസാദി' എന്ന മുദ്രാവാക്യം ഉമര്‍ ഉയര്‍ത്തിയത് പ്രതിഷേധത്തെ ശ്രദ്ധേയമാക്കി.
മോറിസ് നഗര്‍ പോലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു എന്‍.എസ്.യുവിന്റെ സമാധാനമാര്‍ച്ച്. എ.ബി.വി.പിയുടെ സംഘര്‍ഷത്തെ അപലപിച്ച് 'രഘുപതി രാഘവ രാജാറാം' പാടിയായിരുന്നു എന്‍.എസ്.യുവിന്റെ പ്രതിഷേധ പരിപാടി. ഞങ്ങള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്നു. വിഷയം ആരും രാഷ്ട്രീയവത്കരിക്കരുതെന്ന് എന്‍.എസ്.യു. പ്രസിഡന്റ് അമൃത ധവാന്‍ പറഞ്ഞു.
അമ്പതോളം എ.ബി.വി.പി. പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നോര്‍ത്ത് ക്യാമ്പസിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിക്കു സമീപം കൂടി നിന്നത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. ജെ.എന്‍.യുവിലേതു പോലുള്ള സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അവര്‍ ദേശദ്രോഹികളാണ്. അവര്‍ ത്രിവര്‍ണ പതാകയോടും ഭാരത മാതാവിനോടും അനാദരവു കാട്ടുന്നു. അതൊന്നും ഡി.യുവില്‍ ഞങ്ങള്‍ അനുവദിക്കില്ല- ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അമിത് തന്‍വര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ സംഘര്‍ഷത്തില്‍ നിന്നു പിന്തിരിയണമെന്ന് ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗി അഭ്യര്‍ഥിച്ചു. ക്യാമ്പസില്‍ സമാധാനം പുലര്‍ത്താന്‍ വിദ്യാര്‍ഥികള്‍ സഹകരിക്കണം. ആരും ആത്മസംയമനം കൈവിടാന്‍ പാടില്ല. ഇപ്പോഴുള്ള വിവാദങ്ങളെക്കുറിച്ച് പ്രോക്ടറുടെ ഓഫീസ് അന്വേഷിക്കുമെന്നും വി.സി. വ്യക്തമാക്കി.