ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ വഴിതുറന്ന ദിവസത്തിന്റെ വാര്‍ഷികത്തിലും സമരങ്ങളുടെ അലയൊടുങ്ങാതെ ജെ.എന്‍.യു. എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങളുമായി ബന്ധപ്പെട്ട് സമരത്തിലുള്ള വിദ്യാര്‍ഥി യൂണിയന്‍ വ്യാഴാഴ്ച പ്രക്ഷോഭം തീവ്രമാക്കി.
ഒട്ടേറെ വിദ്യാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ആസാദി ചൗക്കില്‍ പ്രതിഷേധ ധര്‍ണ നടത്തി. അക്കാദമിക കൗണ്‍സിലിന്റെ ഭേദഗതിയുടെ കാര്യത്തില്‍ തങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം ലഭിക്കാതെ പിന്മാറില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശതരൂപ ചക്രവര്‍ത്തി. വി.സി.യെക്കൊണ്ട് മറുപടി പറയിക്കുമെന്നും വിദ്യാര്‍ഥി യൂണിയന്‍ പ്രഖ്യാപിച്ചു.
ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ജെ.എന്‍.യു. ടീച്ചേഴ്‌സ് അസോസിയേഷന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു പരാതി നല്‍കി. ആസാദി ചൗക്കിലെ വിദ്യാര്‍ഥി സമരത്തില്‍ പ്രസംഗിച്ചതിന് അധ്യാപിക നിവേദിത മേനോന്‍ അടക്കമുള്ള അധ്യാപകര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, വാര്‍ഷികത്തില്‍ എ.ബി.വി.പി. നടത്താനിരുന്ന പ്രഭാഷണപരിപാടി അനുമതി നിഷേധിച്ചതിനാല്‍ റദ്ദാക്കി.