ന്യൂഡല്‍ഹി: അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുസമീപം സമരം നടത്തിയതിനെതിരെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെയ്ക്ക് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇപ്പോള്‍ നടന്നുവരുന്ന സമരം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ കടുത്തനടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
അക്കാദമിക് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം നടത്തിയതിന് ഒമ്പതു വിദ്യാര്‍ഥികളെ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡു ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും കൗണ്‍സില്‍ യോഗം നടക്കുന്ന സാഹചര്യത്തില്‍ ജെ.എന്‍.യു. അധികൃതര്‍ പോലീസ് സുരക്ഷയും തേടി. വലിയ പോലീസ് സന്നാഹം കാമ്പസ്സിലെത്തുകയും ചെയ്തു. ഇതിനു പുറമെയാണ് ഇപ്പോള്‍ നടക്കുന്ന സമരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞയാഴ്ച വിദ്യാര്‍ഥി സമരത്തില്‍ സംസാരിച്ചതിന് അധ്യാപിക നിവേദിത മേനോനും നോട്ടീസ് നല്‍കിയിരുന്നു. നിരന്തരമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിദ്യാര്‍ഥി ഐക്യത്തെ തകര്‍ക്കാനാണ് വി.സിയുടെ ശ്രമമെന്ന് മോഹിത് പാണ്ഡെ കുറ്റപ്പെടുത്തി. ജെ.എന്‍.യുവിന്റെ സമരപാരമ്പര്യം തകര്‍ക്കാനും ശ്രമം നടക്കുന്നു.
സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ അന്വേഷണസമിതിക്കുമുമ്പാകെ ഹാജരായില്ല. അക്കാദമിക് കൗണ്‍സില്‍ യോഗം നടക്കുന്ന വേദിയില്‍ തങ്ങള്‍ പ്രതിഷേധിക്കുമെന്നും യൂണിയന്‍ പ്രസിഡന്റ് അറിയിച്ചു. ഇതിനിടെ, വിദ്യാര്‍ഥികളെ പിന്തുണച്ച് ജെ.എന്‍.യു. ടീച്ചേഴ്‌സ് അസോസിയേഷനും രംഗത്തെത്തി. അക്കാദമിക് കൗണ്‍സില്‍ തീരുമാനങ്ങള്‍ അംഗീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. യോഗം പരിഗണിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയും അവര്‍ ആവശ്യപ്പെട്ടു.
യു.ജി.സി. ഉത്തരവ് പാസ്സാക്കിയെടുക്കാനുള്ള നീക്കത്തിലാണ് വൈസ് ചാന്‍സലര്‍. എം.ഫില്‍, പിഎച്ച്.ഡി പ്രവേശനത്തിന് എഴുത്തുപരീക്ഷ, വൈവ എന്നിവയുടെ അനുപാതം 50:50 എന്നാക്കണമെന്നാണ് യു.ജി.സി. നിര്‍ദേശം. ഇതു പ്രായോഗികമല്ലെന്നാണ് വിദ്യാര്‍ഥികളുടെയും ഭൂരിപക്ഷം അധ്യാപകരുടെയും വാദം. യു.ജി.സി ഉത്തരവ് അതേപടി നടപ്പാക്കിക്കൊള്ളണമെന്നില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ വാദിക്കുന്നു. എന്നാല്‍, ഉത്തരവ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നടപ്പാക്കിയാല്‍ മതിയെന്നുമുള്ള വാശിയിലാണ് വി.സി.
Share this Article
Related Topics