''നല്ല തീരുമാനമാണിത്. പക്ഷേ, കോടതിയുടെ നീരീക്ഷണത്തില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതിന് മുന്‍പത്തെ പല കേസുകളിലും സി.ബി.ഐ. അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വാധീനമുണ്ടായത് നാം കണ്ടതാണ്''- ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് കുമാര്‍ പാണ്ഡേ പറഞ്ഞു.
''നജീബീനെ കണ്ടെത്തുന്നതില്‍ ഡല്‍ഹി പോലീസ് പാടേ പരാജയപ്പെട്ടു. ഇപ്പോള്‍ കോടതിയും അത് ശരിവെച്ചു. ഏഴുമാസമായി നജീബിനെക്കുറിച്ച് ഒരു വിവരവുമില്ല. പോലീസ് എന്താണ് ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത്?''-വിദ്യാര്‍ഥി നേതാവ് ഷഹ്ല റഷീദ് പ്രതികരിച്ചു. കോടതി നിയമിക്കുന്ന പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നതിനാണ് കൂടുതല്‍ വിശ്വാസ്യതയെന്നും ഷഹ്ല പറഞ്ഞു.
നജീബിനെ കണ്ടെത്താനാകുമെന്ന് ജെ.എന്‍.യു. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി ദേവേന്ദ്ര ചൗബേ പ്രതീക്ഷ പങ്കുെവച്ചു. അന്വേഷണത്തില്‍ സി.ബി.ഐ. പോലീസിനേക്കാള്‍ നീതിപുലര്‍ത്തുമെന്നാണ് കരുതുന്നതെന്ന് നജീബിനെക്കുറിച്ച് പാട്ട് തയ്യാറാക്കിയ രാഹുല്‍ രാജ്‌ഖോവ പറഞ്ഞു.
സര്‍വകലാശാലയിലെ അധ്യാപകരും കോടതി ഉത്തരവിനെ ഒന്നടങ്കം സ്വാഗതംചെയ്തു. മാസങ്ങളായി മകന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിന് അറുതിവരുമെന്നാണ് കരുതുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.