ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ ഓഫീസ് അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കത്തെ പ്രതിഷേധത്തിലൂടെ പരാജയപ്പെടുത്തി വിദ്യാർഥികൾ. ബുധനാഴ്ച വൈകീട്ട് ഓഫീസ് പൂട്ടാനെത്തിയ സുരക്ഷാജീവനക്കാർ മടങ്ങിപ്പോയി. ജെ.എൻ.യു. അധികൃതരുടെ ഏകപക്ഷീയമായ നടപടിയാണ് യൂണിയൻ ഓഫീസ് പൂട്ടാനുള്ള നീക്കത്തിനുപിന്നിലെന്ന് വിദ്യാർഥി നേതാക്കൾ വിമർശിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് ഡീൻ ഓഫീസിൽനിന്ന് നോട്ടീസ് നൽകിയത്. വിദ്യാർഥി യൂണിയൻ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഓഫീസ് ഒഴിയണമെന്നും ആ നോട്ടീസിൽ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ ഇരട്ടപ്പൂട്ടിട്ട് തങ്ങൾ അടയ്ക്കുമെന്നും ഡീൻ നൽകിയ നോട്ടീസിൽ മുന്നറിയിപ്പു നൽകി.
ഡീനിന്റെ നിർദേശം അംഗീകരിക്കില്ലെന്ന് തുടക്കംമുതലേ വിദ്യാർഥി യൂണിയൻ വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്നരയോടെ യൂണിയൻ ഓഫീസിനുമുന്നിൽ വിദ്യാർഥികൾ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. അഞ്ചു മണിയോടെ പൂട്ടുമായി സുരക്ഷാജീവനക്കാർ എത്തിയെങ്കിലും വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് പിന്തിരിയേണ്ടി വന്നു.
യൂണിയൻ വിജ്ഞാപനം ചെയ്യേണ്ട ഉത്തരവാദിത്വം ഡീനിനാണെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു. നിസ്സാര കാരണങ്ങൾപറഞ്ഞ് അതു നീട്ടിക്കൊണ്ടുപോവുകയാണ് ഡീൻ. അതിന്റെ പേരിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ ഓഫീസ് അടച്ചുപൂട്ടാൻ കഴിയില്ലെന്നും വിദ്യാർഥി നേതാക്കൾ പറഞ്ഞു.
ഏകാധിപത്യപ്രവണതയാണ് ജെ.എൻ.യു. അധികൃതരുടേതെന്ന് സി.ഐ.ടി.യു. കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് വിദ്യാർഥി യൂണിയൻ. ഡൽഹി ഹൈക്കോടതിയും ഈ വിധി അംഗീകരിച്ചിരുന്നു. പുതിയ യൂണിയൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യണമെന്ന് ജെ.എൻ.യു. അധികൃതരോട് കോടതി നിർദേശിച്ചു. ജനാധിപത്യാവകാശങ്ങൾക്കുമേൽ കടന്നു കയറുകയാണ് ജെ.എൻ.യു. അധികൃതരെന്നും സി.ഐ.ടി.യു വിമർശിച്ചു.
Content Highlights: J.N.U. student union office