ന്യൂഡൽഹി: ഗുജറാത്തിലെ നേതാവ് ഹാർദിക് പട്ടേലിനെ തിരഞ്ഞെടുപ്പു യോഗത്തിനു വിളിച്ചെന്ന് ആരോപിച്ച് ജെ.എൻ.യുവിലെ എൻ.എസ്.യു.(ഐ.) യൂണിറ്റിന് കാരണം കാണിക്കൽ നോട്ടീസ്. പുറത്തുനിന്നുള്ളവരെ തിരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് പരാതി. മഷാൽ ജുലൂസ് എന്ന പരിപാടിയിൽ ഹാർദിക് പട്ടേലിനെ പങ്കെടുപ്പിക്കാൻ മുൻകൂർ അനുമതി ചോദിച്ചിരുന്നുവെന്നാണ് എൻ.എസ്.യു. നേതാക്കളുടെ അവകാശവാദം. എന്നാലിത്, തിരഞ്ഞെടുപ്പുസമിതി നിരാകരിച്ചു.
ശനിയാഴ്ച ഗംഗ ധാബയിലാണ് മഷാൽ ജുലൂസ് സംഘടിപ്പിച്ചത്. അതിൽ ഹാർദിക് പട്ടേലിനെ പങ്കെടുപ്പിക്കുമെന്നാണ് എൻ.എസ്.യു. നേതാക്കളുടെ വാദം. എന്നാൽ, വെള്ളിയാഴ്ച നടന്ന പരിപാടിയിൽ പട്ടേൽ പങ്കെടുത്തത് എങ്ങനെയാണെന്ന് തങ്ങൾക്കറിയില്ലെന്ന് തിരഞ്ഞെടുപ്പു സമിതി ആദ്യം നൽകിയ നോട്ടീസിന് എൻ.എസ്.യു. നേതൃത്വം വിശദീകരണം നൽകി. അതു തൃപ്തികരമല്ലാത്തതിനാലാണ് രണ്ടാമതും നോട്ടീസ് നൽകിയതെന്നും അതും ഫലവത്തായില്ലെങ്കിൽ നാമനിർദേശപത്രിക തള്ളുമെന്നും തിരഞ്ഞെടുപ്പു സമിതിയംഗം അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ളവരെ പങ്കെടുപ്പിക്കില്ലെന്ന് സംഘടനാനേതൃത്വം എഴുതി നൽകിയിട്ടുള്ളതും തിരഞ്ഞെടുപ്പുസമിതി ചൂണ്ടിക്കാട്ടി.
ഒരു ധാബയിൽ ചായ കുടിക്കാൻ വന്നതാണ് ഹാർദിക് പട്ടേലെന്ന് എൻ.എസ്.യു. നേതാവ് സണ്ണി മേത്ത പറഞ്ഞു. ഞങ്ങളെക്കണ്ട് 20 സെക്കന്റു സംസാരിച്ചു. ഞങ്ങളുടെ പ്രവർത്തകരിലൊരാൾ അദ്ദേഹത്തിന്റെ സുഹൃത്താണ്. അവർ സംസാരിച്ചു നിന്നുവെന്നുമാത്രം. ഒട്ടേറെ പേർ പുറത്തുനിന്നും ജെ.എൻ.യു.വിൽ വരാറുണ്ടെന്നും സണ്ണി മേത്ത പറഞ്ഞു.
ഇത്തവണ അധ്യക്ഷസ്ഥാനത്തേക്ക് മാത്രമേ എൻ.എസ്.യു. മത്സരിക്കുന്നുള്ളു. കഴിഞ്ഞ നാലു പ്രമുഖ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു.