മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കാൻ പ്രതിജ്ഞാബന്ധം- മന്ത്രി ഗെലോട്ട്


1 min read
Read later
Print
Share

-

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയൊരുക്കാൻ എ.എ.പി. പ്രതിജ്ഞാബന്ധരാണെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട്. പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു. തങ്ങളുടെ എല്ലാവാഗ്ദാനങ്ങളും പാലിക്കാൻ തയ്യാറാണ്. ഇതിനുവേണ്ടി സർക്കാർ പ്രവർത്തനവുമാരംഭിച്ചു. പദ്ധതി (സ്ത്രീകൾക്ക് മെട്രോയിൽ സൗജന്യയാത്ര) നടപ്പാക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. പദ്ധതിച്ചെലവ് തങ്ങൾ വഹിക്കും. സ്ത്രീകളുടെ യാത്രാനിരക്കിൽവരുന്നതുക തങ്ങൾ ഡൽഹി മെട്രോയ്ക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം ജൂൺ മൂന്നിനാണ് ബസ്, മെട്രോ എന്നിവയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. തുടർന്ന് ഒക്ടോബറിൽ ഡി.ടി.സി., ക്ലസ്റ്റർബസുകളിൽ സൗജന്യയാത്ര നടപ്പാക്കി. എന്നാൽ, മെട്രോയിലെ യാത്ര ഇതുവരെയും തുടങ്ങിയിട്ടില്ല. ഡൽഹി മെട്രോയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യപങ്കാളിത്തമാണുള്ളത്. അതിനാൽ, തീരുമാനമെടുക്കുന്നതിൽ ഇരുവിഭാഗങ്ങൾക്കും തുല്യഅവകാശമുണ്ട്.

സ്ത്രീസുരക്ഷ വിലയിരുത്തി വനിതാ-ശിശുക്ഷേമ മന്ത്രി

ഡൽഹിയിലെ സ്ത്രീസുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ വനിതാ-ശിശുക്ഷേമമന്ത്രിയായി ചുമതലയേറ്റ രാജേന്ദ്രപാൽ ഗൗതമിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ചൊവ്വാഴ്ചനടന്ന യോഗത്തിൽ വകുപ്പിന്റെ വിവിധപദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്തു. ‘സ്ത്രീസുരക്ഷയും വനിതാ ശാക്തീകരണവും’ സംസ്ഥാന സർക്കാരിന്റെ മുൻഗണനാപ്പട്ടികയിലുള്ള കാര്യങ്ങളാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഗാരന്റി കാർഡിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അഞ്ചുവർഷം ഡൽഹിയിലെ സ്ത്രീകളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തിക്കും’- മന്ത്രി ഗൗതം പറഞ്ഞു. നഗരത്തിലെ കുട്ടികൾക്കിടയിലുള്ള ലഹരിയുപയോഗം അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ് ഇക്കാര്യം. കൗമാരക്കാരും യുവാക്കളുമാണ് പ്രധാനമായും ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ അടിയന്തരമായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൃത്യമായ വിദ്യാഭ്യാസത്തിലൂടെയും കലാ-കായിക പ്രവർത്തനങ്ങൾ വഴിയും ലഹരിയുപയോഗത്തിൽനിന്ന് ഇവരെ പിന്തിരിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഡി.എം.എ. ദ്വാരക റിപ്പബ്ലിക് ദിനമാഘോഷിച്ചു

Jan 29, 2022


mathrubhumi

1 min

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലെങ്കിൽ വാഹനങ്ങൾക്ക് ഇന്ധനമില്ല : പുതിയ നയം അണിയറയിൽ

Jan 29, 2022


mathrubhumi

1 min

സുന്ദർ പിച്ചൈയുടെ പേരിൽ പകർപ്പവകാശ ലംഘനത്തിന് കേസ്

Jan 28, 2022