പൗരത്വഭേദഗതി: പ്രതിഷേധവും സംഘർഷവും തുടർക്കഥയാവുന്നു


2 min read
Read later
Print
Share

സീലംപുരിൽ സംഘർഷം

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്‌ച ആരംഭിച്ച പ്രതിഷേധം നഗരത്തിൽ അണയുന്നില്ല. ചൊവ്വാഴ്‌ച വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപുർ, മധ്യഡൽഹിയിലെ ദരിയാഗഞ്ച്‌ എന്നിവിടങ്ങളിൽ പ്രതിഷേധമിരമ്പി. ജാമിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ സർവകലാശാലയിലും പ്രതിഷേധം നടന്നു.

സീലംപുരിലെ പ്രക്ഷോഭത്തിൽ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി. 12 പോലീസുകാർ, ആറു സാധാരണക്കാർ എന്നിവരടക്കം 21 പേർക്ക്‌ പരിക്കേറ്റു. സംഭവത്തിൽ സീലംപുർ, ജഫറാബാദ്‌ എന്നീ പോലീസ്‌ സ്റ്റേഷനുകളിൽ എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്‌തു. മധ്യഡൽഹിയിലെ പ്രതിഷേധത്തിനെത്തുടർന്ന്‌ ദരിയാഗഞ്ചിനും രാജ്‌ഘട്ടിനുമിടയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഡൽഹി ഗേറ്റ്‌, നിഷാദ്‌ രാജ്‌ മാർഗ്‌, ഐ.ടി.ഒ. എന്നിവയിലൂടെ ഗതാഗതം തിരിച്ചുവിട്ടതായി ട്രാഫിക്‌ പോലീസ്‌ അറിയിച്ചു.

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വൈകീട്ട്‌ മെഴുകുതിരി മാർച്ച്‌ നടത്തി. ആർ.പി. റോഡിൽനിന്ന്‌ ഇന്ത്യാ ഗേറ്റിലേക്കായിരുന്നു മാർച്ച്‌. പ്രതിഷേധം നടത്തിയ വിദ്യാർഥികളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തിയത്‌ അവരുടെ മനുഷ്യാവകാശങ്ങളിലേക്കും അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ അഭിപ്രായപ്പെട്ടു. പോലീസ്‌ നടപടിയെ അപലപിക്കുന്നെന്നും പൗരത്വഭേദഗതിക്കെതിരായ വിദ്യാർഥികളുടെ പോരാട്ടത്തിൽ അണിചേരുന്നെന്നും യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബി.വി. ശ്രീനിവാസ്‌ പറഞ്ഞു. ജാമിയ വിദ്യാർഥികളുടെ പ്രതിഷേധത്തിൽ അഭിഭാഷകരും പങ്കുചേർന്നു. പ്രതിഷേധക്കാർക്ക്‌ ധാർമികപിന്തുണ നൽകാനാണ്‌ തങ്ങൾ അണിചേർന്നതെന്ന്‌ അഭിഭാഷകർ പറഞ്ഞു.

പ്രതിഷേധംകാരണം വടക്കുകിഴക്കൻ ഡൽഹിയിലെ ഏഴു മെട്രോസ്റ്റേഷനുകൾ അടച്ചു. സീലംപുർ, ഗോകുൽപുരി, വെൽക്കം, ജഫറാബാദ്‌, മൗജ്‌പുർ-ബാബർപുർ, ജോഹ്‌റി എൻക്ലേവ്‌, ശിവ വിഹാർ എന്നീ സ്റ്റേഷനുകളാണ്‌ അടച്ചത്‌.

പൗരത്വനിയമത്തെ അനുകൂലിച്ച്‌ എ.ബി.വി.പി. പ്രകടനം

അതേസമയം, പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച്‌ എ.ബി.വി.പി. പ്രവർത്തകർ ഡൽഹി സർവകലാശാലയിൽ ബുധനാഴ്‌ച പ്രകടനം നടത്തി. വിഷയത്തിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന്‌ അവർ പറഞ്ഞു. എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി സിദ്ധാർഥ്‌ യാദവ്‌ നേതൃത്വംനൽകി. സമാധാനം കാത്തുസൂക്ഷിക്കണമെന്ന്‌ കിഴക്കൻ ഡൽഹി എം.പി. ഗൗതംഗംഭീർ ജനങ്ങളോട്‌ ആവശ്യപ്പെട്ടു. ആരും അക്രമത്തിൽ ഏർപ്പെടാൻ പാടില്ല. പ്രശ്‌നങ്ങൾ സർക്കാരുമായി ചർച്ചചെയ്യണം. വിഷയത്തിൽ ഒരു രാഷ്ട്രീയപ്പാർട്ടിയാലും തെറ്റിദ്ധരിപ്പിക്കപ്പെടാൻ പാടില്ലെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ടാങ്കർലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Jan 29, 2022


mathrubhumi

1 min

ആംബുലൻസിന് നൽകാൻ പണമില്ല : ആറുവയസ്സുകാരന്റെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ

Jan 29, 2022


mathrubhumi

1 min

എം.സി.ഡി. തിരഞ്ഞെടുപ്പിനു ഒരുക്കംതുടങ്ങി

Jan 29, 2022