ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്ത വിദ്യാര്‍ഥികള്‍ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവരങ്ങളൊന്നും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ചോദ്യംചെയ്യല്‍. എ.സി.പി. തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ടുസംഘങ്ങളായാണ് ചോദ്യം ചെയ്യുന്നത്.
പരിപാടിയുടെ സംഘാടനം, അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് പിന്നിലെ ലക്ഷ്യം, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് ചോദിക്കുന്നത്. താന്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നനിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉമര്‍. എന്നാല്‍ അവിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ എങ്ങനെ രാജ്യവിരുദ്ധമാകും എന്നാണ് അനിര്‍ബന്‍ ചോദിക്കുന്നത്. പരിപാടിക്കുശേഷം ഗാസിയാബാദിലാണ് ഉമര്‍ കഴിഞ്ഞത്.
എന്നാല്‍ ഇരുവര്‍ക്കും ആരാണ് അഭയം നല്‍കിയതെന്ന് പോലീസ് സമാന്തരമായി അന്വേഷിക്കുന്നുമുണ്ട്. കാമ്പസിലെ അധ്യാപകരുടെ വസതികളിലാണ് ഇവര്‍ താമസിച്ചതെന്നാണ് എ.ബി.വി.പി. ആരോപിക്കുന്നത്. പരിപാടിക്ക് മുന്നോടിയായി കാമ്പസില്‍ പതിച്ച പോസ്റ്ററുകളില്‍ സംഘാടകരുടെ പേരുകളുണ്ടായിരുന്നു. കനയ്യ ഈ പരിപാടിയുടെ ഭാഗമായിരുന്നില്ലെന്നാണ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. പരിപാടിയുടെ വീഡിയോയില്‍ പുറത്ത്‌നിന്നുള്ള ചിലര്‍ ഉണ്ടായിരുന്നുവെന്നും ഇവരെ തിരിച്ചറിയാനാവുമോ എന്നും ഇരുവരോടും ചോദിച്ചിരുന്നു.
എന്നാല്‍ ഇരുവര്‍ക്കും ഇവരെ തിരിച്ചറിയാനായില്ല എന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റുകേന്ദ്ര സര്‍വകലാശാലകളില്‍നിന്നും ജമ്മു-കശ്മീരില്‍ നിന്നുമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കരുതുന്നത്.
ഇരുവരെയും മൂന്നുദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരെയും താമസിപ്പിച്ചിരിക്കുന്ന സൗത്ത് ഡല്‍ഹി പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കാനായി കോടതിമുറിയുടെ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് ചോദ്യംചെയ്യലും കോടതിനടപടികളും രഹസ്യസ്വഭാവത്തിലാക്കാന്‍ തീരുമാനിച്ചത്. സൗത്ത് കാമ്പസ് പോലീസ് സ്റ്റേഷനുസമീപം വന്‍ മാധ്യമപട തന്നെയുണ്ട്. ബുധനാഴ്ച ഇവിടെനിന്ന് പുറത്തേക്കുവന്ന പോലീസ് വാഹനത്തിനുപിന്നാലെ മാധ്യമസംഘം പോയിരുന്നു. വാഹനത്തില്‍ മുഖംമൂടിയ ഒരാളെ ഇരുത്തിയിട്ടുമുണ്ടായിരുന്നു.
എന്നാല്‍ ഇത് മാധ്യമങ്ങളെ കബളിപ്പിക്കാനായി പോലീസ് നടത്തിയ നാടകമായിരുന്നു. കനയ്യയെ കോടതിയില്‍ ഹാജരാക്കിയാല്‍ മൂവരെയും ഒരുമിച്ച് ചോദ്യംചെയ്യാന്‍ റിമാന്‍ഡ് നീട്ടണമെന്ന് ആവശ്യപ്പെടാനിടയുണ്ട്. സൗത്ത് കാമ്പസ് പോലീസ് സ്റ്റേഷന് സമീപം രണ്ടുകമ്പനി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
വൈകിട്ട് ആറരയോടെ കേസില്‍ വാദം കേള്‍ക്കുന്ന മജിസ്‌ട്രേട്ട് ഇവിടെയെത്തിയിരുന്നു. പിന്നാലെ സൗത്ത് ഡി.സി.പി. പ്രേംനാഥുമെത്തി. രണ്ടരമണിക്കൂറോളം വാദം കേള്‍ക്കല്‍ തുടര്‍ന്നുവെന്നാണ് പറയുന്നത്. ആരെയും ഒരു പോറല്‍ പോലുമേല്‍പ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. മൂവരെയും ഒരുമിച്ച് കോടതിയില്‍ ഹാജരാക്കുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്.