ന്യൂഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കേ തെളിവുകളില്‍ പിടിമുറുക്കി ഡല്‍ഹി പോലീസ്. കനയ്യകുമാര്‍ ഉള്‍പ്പെടെ എട്ടുവിദ്യാര്‍ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്നാണ് പോലീസിന്റെ പക്ഷം. ജെ.എന്‍.യു.വില്‍ത്തന്നെ നിയോഗിക്കപ്പെട്ട അന്വേഷണസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നിഗമനമെങ്കിലും ആരെയും ദൃക്‌സാക്ഷികളായി ലഭിച്ചിട്ടില്ല.
വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ആരാണ് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് കേട്ടവരോ കണ്ടവരോ ഇല്ല. അതേസമയം, പാകിസ്താന്‍ സിന്ദാബാദ് ഉള്‍പ്പെടെ 29 മുദ്രാവാക്യങ്ങളുടെ പട്ടിക നിരത്തിയിട്ടുള്ളതാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഒരു വാര്‍ത്താചാനലില്‍ നിന്ന് ശേഖരിച്ചിട്ടുള്ളതാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍. സാംസ്‌കാരികസന്ധ്യ എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് പിന്നീട് അനുമതി നിഷേധിച്ചിരുന്നു.
അത് ക്രമാസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ചടങ്ങ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍, ഒരു വിഭാഗം ദേശദ്രോഹ മുദ്രാവാക്യം വിളിക്കുന്നതും മറ്റൊരുവിഭാഗം അതിനെ എതിര്‍ക്കുന്നതും കണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍, ആരാണ് മുദ്രാവാക്യം വിളിച്ചതെന്ന് ഇതുവരെയും പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
ഉമര്‍ ഖാലിദും അനിര്‍ബാനുമാണ് അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ സംഘാടകരെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍, ആ ചടങ്ങില്‍ അവര്‍ രണ്ടുപേരും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിന് ദൃക്‌സാക്ഷികളുമില്ല. കനയ്യകുമാറിന്റെ ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം വാദം ബലപ്പെടുത്തിയാണ് പോലീസിന്റെ നീക്കം.കനയ്യകുമാറിന്റെ ജാമ്യത്തില്‍ ഹൈക്കോടതി എന്തുതീരുമാനമെടുത്താലും അത് ജെ.എന്‍.യു. കേസില്‍ നിര്‍ണായകമാവും.
ഇപ്പോള്‍ പോലീസിന് പിടികൊടുക്കാതെ കാമ്പസില്‍നില്‍ക്കുന്ന അഞ്ചുവിദ്യാര്‍ഥികളുടെ കേസിലും കോടതിതീരുമാനം നിര്‍ണായകമാവും. കാമ്പസില്‍ കയറാതെ പോലീസ് സംയമനം പാലിച്ചുനില്‍ക്കുന്നതും കോടതിയുടെ തീരുമാനമറിയട്ടെ എന്ന നിലപാടിലാണെന്ന് അറിയുന്നു.
Share this Article