ന്യൂഡല്‍ഹി: വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹക്കുറ്റം നീക്കണമോ വേണ്ടയോ എന്നത് പോലീസും കോടതിയും തീരുമാനിക്കേണ്ട വിഷയങ്ങളാണെന്ന് ജെ.എന്‍.യു. രജിസ്ട്രാര്‍ ഭൂപിന്ദര്‍ സുട്ഷി. സമരരംഗത്തുള്ള വിദ്യാര്‍ഥികളും അധ്യാപകരും ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ വിശദീകരണം. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തങ്ങളുടെ നിയന്ത്രണത്തില്‍വരുന്ന കാര്യങ്ങളല്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു.
ഞങ്ങള്‍ കനയ്യയെ അറസ്റ്റുചെയ്തിട്ടില്ല. ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുമില്ല. കുറ്റം ചുമത്തുന്നതും ഒഴിവാക്കുന്നതുമൊക്കെ പോലീസും കോടതിയും ചെയ്യേണ്ട കാര്യങ്ങളാണ്. ഇതൊന്നും തങ്ങളുടെ നിയന്ത്രണത്തില്‍ വരുന്നതല്ല- രജിസ്ട്രാര്‍ വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് തേടുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും കഴിഞ്ഞദിവസം ജെ.എന്‍.യു. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ് രജിസ്ട്രാറുടെ പ്രതികരണം.
പോലീസ് തേടുന്ന അഞ്ച് വിദ്യാര്‍ഥികള്‍ ഞായറാഴ്ച സമരക്കാര്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരെ അറസ്റ്റുചെയ്യാന്‍ ക്യാമ്പസ്സില്‍ പോലീസിനെ അനുവദിക്കണമോ അതോ വിദ്യാര്‍ഥികള്‍ കീഴടങ്ങണമോ എന്നവിഷയം ആലോചിക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. എന്നാല്‍, യോഗം തീരുമാനമാവാതെ പിരിഞ്ഞു. അതേസമയം, വിദ്യാര്‍ഥികളെ അറസ്റ്റുചെയ്യുന്ന കാര്യത്തില്‍ പോലീസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്നും തങ്ങള്‍ തിരിച്ചും സമീപിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു.
ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമ നാഗ, അഷുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് എന്നിവരാണ് പോലീസ് തേടുന്ന വിദ്യാര്‍ഥികള്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അവര്‍ ഒളിവിലായിരുന്നു. കനയ്യ കുമാറിനെ അറസ്റ്റുചെയ്ത പോലീസ് ഇവരെയും തേടുന്നുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച ജെ.എന്‍.യു.വിലെ സമരക്കാര്‍ക്കുമുമ്പാകെ വിദ്യാര്‍ഥികള്‍ പ്രത്യക്ഷപ്പെട്ടു.
തങ്ങളാരും രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ് ക്യാമ്പസ്സിനുള്ളില്‍ പ്രവേശിച്ചാല്‍ ചെറുക്കാനാണ് സമരക്കാരുടെ തീരുമാനം. കനയ്യയുടെ അറസ്റ്റ് വിവാദമായതിനാല്‍ ക്യാമ്പസ്സിനുള്ളില്‍ കയറാന്‍ പോലീസും തയ്യാറായിട്ടില്ല.
Share this Article
Related Topics