ഫിബ്രവരി ഒമ്പതിനാണ് ജെ.എന്‍.യു.വില്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനിലെ(ഡി.എസ്.യു.) ചില വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍, പാര്‍ലമെന്റ് ആക്രമണത്തില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ശ്രമം നടന്നത്. ഇതിനായി സര്‍വകലാശാലാധികൃതര്‍ അനുമതിയും നല്‍കിയിരുന്നു. തീവ്ര ഇടതുപക്ഷസ്വഭാവമുള്ള സംഘടനയാണ് ഡി.എസ്.യു. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ലെങ്കിലും ഇവര്‍ കാമ്പസില്‍ ഇടയ്ക്കിടെ സാംസ്‌കാരികപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
എന്നാല്‍ 'കണ്‍ട്രി വിത്തൗട്ട് എ പോസ്റ്റ് ഓഫീസ്' എന്നുപേരിട്ട അനുസ്മരണപരിപാടി ദേശവിരുദ്ധമാണെന്ന് എ.ബി.വി.പി. പരാതിനല്‍കി. തുടര്‍ന്ന് പരിപാടി തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഇതിന്റെ അനുമതി സര്‍വകലാശാല റദ്ദാക്കി. എന്നിട്ടും പരിപാടി നടത്തിയപ്പോള്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ചെന്ന് വൈദ്യുതി വിച്ഛേദിക്കുകയും തടയുകയും ചെയ്തു. ഇതാണ് അക്രമത്തിലേക്കു നീങ്ങിയത്. തൂക്കിലേറ്റിയതിനുശേഷം അഫ്‌സല്‍ ഗുരുവിന്റെ കുടുംബം എങ്ങനെ ജീവിക്കുന്നു, അവരുടെ ഇപ്പോഴത്തെ അവസ്ഥയെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നു.
ചടങ്ങു നടത്തിയവരോട് ഒരുതരത്തിലും അനുഭാവം പുലര്‍ത്തുന്നില്ല. എന്നാല്‍, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ കായികമായി നേരിടുന്ന എ.ബി.വി.പി.യുടെ നീക്കം അനുവദിക്കാനാവില്ലെന്നും നിതീഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഐസ, എ.ഐ.എസ്.എഫ്., ഡി.എസ്.എഫ്. സംഘടനകളുടെ പ്രവര്‍ത്തകരുടെ പേരുമുണ്ട്. ഇവര്‍ എ.ബി.വി.പി.യുടെ നീക്കത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുകമാത്രമാണു ചെയ്തിട്ടുള്ളത്. ഐസ നേതാവും ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവുമായ രമാ നാഗ, ഡി.എസ്.യു. നേതാക്കളായ അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, അനന്ത് പ്രകാശ് നാരായണ്‍, ഐശ്വര്യ അധികാരി, ശ്വേത രാജ് എന്നിവരും എഫ്.ഐ.ആറിലുള്‍പ്പെട്ടിട്ടുണ്ട്.
അറസ്റ്റിലായ കനയ്യ കുമാറിന്റെ റിമാന്‍ഡ് കാലാവധി ഞായറാഴ്ച തീര്‍ന്നെങ്കിലും അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിട്ടില്ല. പ്രതിഷേധപ്രകടനത്തിനിടെ ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ക്കെതിരെ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തിനുശേഷം കോളേജിന്റെ ഈസ്റ്റ് ഗേറ്റിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയില്‍ പോലീസ് എത്താമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ പലരും ഭീതിയിലാണ്.
കഴിഞ്ഞദിവസം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് അഞ്ചുമണിക്കൂറോളം സ്റ്റേഷനില്‍ വെച്ചിരുന്നു. പിന്നീടാണ് ഇവരെ വിട്ടയച്ചത്. താടിയുണ്ടായിരുന്നതിനാലാണ് തങ്ങളെ പിടിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എസ്.എഫ്.ഐ.യുടെ കൊടി ബാഗില്‍ വെച്ചതിനാണ് ഒരാളെ അറസ്റ്റുചെയ്തത്. ജെ.എന്‍.യു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുവിദ്യാര്‍ഥിസംഘടനകളെ ഒന്നാകെ ഭീതിയിലാഴ്ത്താനാണ് പോലീസിന്റെയും സര്‍ക്കാറിന്റെയും ശ്രമം.