ഭരണനേട്ടങ്ങളുടെ റിപ്പോർട്ടുമായി എ.എ.പി.


2 min read
Read later
Print
Share

റിപ്പോർട്ട്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യും

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ എ.എ.പി. സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട്‌ കാർഡ്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പുറത്തിറക്കി. വിദ്യാഭ്യാസം, സൗജന്യ ചികിത്സ തുടങ്ങി പ്രധാനപ്പെട്ട 10 നേട്ടങ്ങളെക്കുറിച്ചാണ്‌ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്‌.

സർക്കാർ ജനങ്ങളുടെ സേവകരാണെന്നും പ്രവർത്തനത്തെക്കുറിച്ചുള്ള റിപ്പോർട്ട്‌ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കേണ്ടത്‌ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും റിപ്പോർട്ട്‌ പ്രകാശനംചെയ്യവേ കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി ചരിത്രപരമായ വികസനപ്രവർത്തനങ്ങളാണ്‌ ഡൽഹിയിൽ എ.എ.പി. നടപ്പാക്കിയത്‌. വിദ്യാഭ്യാസ മേഖലയിൽ തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ഏറെ മികച്ചതാണ്‌. കഴിഞ്ഞ 70 വർഷത്തിനിടെ 17,000 ക്ലാസ്‌മുറികളാണ്‌ നഗരത്തിലെ സർക്കാർ സ്കൂളുകളിൽ നിർമിച്ചത്‌. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എ.എ.പി. സർക്കാർ 20,000 ക്ലാസ്‌മുറികൾ പണികഴിപ്പിച്ചു. മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിൽപ്പോലും ഇത്രയും ക്ലാസ്‌മുറികൾ നിർമിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി.ജെ.പി. രാംലീല മൈതാനിയിൽ സംഘടിപ്പിച്ച റാലിയിൽ നഗരത്തിലെ അനധികൃത കോളനികളെക്കുറിച്ച്‌ പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെജ്‌രിവാൾ പരിഹസിച്ചു. ഇതേക്കുറിച്ച്‌ രാംലീല മൈതാനിയിൽനിന്ന്‌ സംസാരിക്കാൻ എളുപ്പമാണെന്നും എന്നാൽ, കോളനികളിൽ പ്രവർത്തനങ്ങൾ നടത്തുന്നത്‌ ബുദ്ധിമുട്ടാണെന്നും മോദിയുടെ പേര്‌ പരാമർശിക്കാതെ കെജ്‌രിവാൾ പറഞ്ഞു. കോളനികൾക്കുവേണ്ടി ഡൽഹി സർക്കാർ നിരന്തരം പ്രവർത്തിക്കുകയും ക്ഷേമപദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന്‌ തെളിയിക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി റിപ്പോർട്ട്‌ കാർഡ്‌ നഗരത്തിലെ 35 ലക്ഷത്തോളം വീടുകളിൽ എത്തിക്കുമെന്ന്‌ എ.എ.പി. മുമ്പ്‌ അറിയിച്ചിരുന്നു. ഡിസംബർ 26 മുതൽ ജനുവരി ഏഴു വരെ വീടുതോറും നടത്തുന്ന കാമ്പയിൻ വഴിയാണ്‌ റിപ്പോർട്ട്‌ വിതരണം ചെയ്യുകയെന്ന്‌ മന്ത്രി ഗോപാൽ റായി പറഞ്ഞു.

ജെ.ജെ. ക്ലസ്റ്റർ നിവാസികൾക്ക്‌ ഭവനപദ്ധതിയുമായി സംസ്ഥാന സർക്കാർ

നഗരത്തിലെ ജെ.ജെ. ക്ലസ്റ്ററുകളിലെ താമസക്കാർക്കായി ഡൽഹി സർക്കാർ ഭവനപദ്ധതി പ്രഖ്യാപിച്ചു. ഡൽഹിയിലെ എല്ലാ പൗരൻമാർക്കും എ.എ.പി. സർക്കാർ വീട്‌ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞു. നഗരത്തിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 65,000-ത്തോളം കുടുംബങ്ങൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈകാതെ ഇവർക്ക്‌ വീടുകൾ ലഭ്യമാക്കും. ഇവർ താമസിക്കുന്ന ചേരിപ്രദേശങ്ങൾ പൊളിച്ചുകളയില്ലെന്ന്‌ ഉറപ്പുകൊടുക്കാനാണ്‌ സർട്ടിഫിക്കറ്റുകൾ നൽകിയത്‌. കഴിഞ്ഞ 70 വർഷമായി ഒരു സർക്കാരും ജെ.ജെ. ക്ലസ്റ്റർ നിവാസികൾക്കായി പ്രവർത്തിച്ചിട്ടില്ലെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.

ചേരിപ്രദേശങ്ങളിൽ വീടുകൾ നിർമിക്കാനുള്ള ചുമതല ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ്‌ ബോർഡിനാണ്‌. വീട്‌ ലഭിക്കാൻ യോഗ്യരായവരെ കണ്ടെത്താനുള്ള സർവേ ഈവർഷം ജൂണിൽ ബോർഡ്‌ ആരംഭിച്ചിരുന്നു. ഇതിനോടകം 65,000-ത്തോളം കുടുംബങ്ങളിൽ സർവേ പൂർത്തിയായി.

Content Highlights; AAP government presents report card

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram