ന്യൂഡൽഹി: ജെ.എൻ.യു.വിൽ 82 ശതമാനം വിദ്യാർഥികളും സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്തിയതായി അധികൃതരുടെ വിശദീകരണം. പരിഷ്കരിച്ച ഫീസിൽ സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്തില്ലെന്ന് വിദ്യാർഥി യൂണിയൻ പ്രഖ്യാപിച്ചിരിക്കേയാണ് ഈ പ്രസ്താവന. സർവകലാശാലയിലെ 8500 വിദ്യാർഥികളിൽ 82 ശതമാനം ഹോസ്റ്റൽ കുടിശ്ശികയടച്ചു സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്തിയെന്ന് അധികൃതർ പ്രസ്താവനയും പുറത്തിറക്കി.
ബാക്കിയുള്ള വിദ്യാർഥികൾകൂടി പിഴ സഹിതം രജിസ്‌ട്രേഷൻ നടത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം ഊർജിതമായി നടത്താനും ജെ.എൻ.യു. തീരുമാനിച്ചു. എൻ.സി.സി. കാഡറ്റുകളെയെല്ലാം ഉൾപ്പെടുത്തി ദിനാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം. എൻ.സി.സി. കാഡറ്റുകളുടെ പരേഡും ദേശീയപതാക ഉയർത്തലുമൊക്കെ കാമ്പസിലുണ്ടാവും. ജെ.എൻ.യു. രൂപവത്കരിക്കപ്പെട്ട ശേഷം ഇതുവരെ ഇതുപോലുള്ള റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചിട്ടില്ലെന്ന് അധികൃതർ വിശദീകരിച്ചു.
വർധിപ്പിച്ച ഫീസ് അടയ്ക്കില്ലെന്ന തീരുമാനത്തിൽ നിന്നും യൂണിയൻ പിന്മാറിയിട്ടില്ല. അതേസമയം, പഴയ ഫീസിൽ സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്താമെന്നും നേരത്തെ കേന്ദ്രസർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഫീസ് വർധനയിൽ നിയമനടപടി സ്വീകരിക്കാനാണ് വിദ്യാർഥി യൂണിയന്റെ പ്രഖ്യാപനം. ഇക്കാര്യത്തിൽ കോടതിനടപടികൾക്ക് കാത്തിരിക്കുകയാണെന്നും വിദ്യാർഥിനേതാക്കൾ അറിയിച്ചു.
Content Highlight: 82% students have registered for the winter semester: JNU
Share this Article
Related Topics