ഡൽഹി പോലീസ് കമ്മിഷണർ രാകേഷ് അസ്താന സീമാപുരിയിൽ സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയതിനെക്കുറിച്ച് സംസാരിക്കുന്നു
ന്യൂഡൽഹി : സീമാപുരിയിലും ഗാസിപുർ മാർക്കറ്റിലും കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ തലസ്ഥാനത്ത് വ്യാപകമായി സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടുള്ളവയായിരുന്നെന്ന് ഡൽഹി പോലീസ് കമ്മിഷണർ രാകേഷ് അസ്താന. പ്രാദേശിക പിന്തുണയില്ലാതെ ഇത്തരമൊരു സ്ഫോടനം സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഓൾഡ് സീമാപുരിയിലെ വീട്ടിൽ സ്ഫോടകവസ്തുശേഖരം കണ്ടെത്തി നിർവീര്യമാക്കിയിരുന്നു. സമാനമായി കഴിഞ്ഞമാസം ഗാസിപുർ മാർക്കറ്റിലും സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു.
ഓൾഡ് സീമാപുരിയിൽ വ്യാഴാഴ്ചതന്നെ സുരക്ഷ വർധിപ്പിച്ചു. മൂന്നു കിലോയോളമുള്ള ഐ.ഇ.ഡി. ശേഖരമാണ് സീമാപുരിയിൽ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ഒരു വീടിനുമുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗിലായിരുന്നു സ്ഫോടകവസ്തുക്കൾ. വീടു പൂട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ വീട്ടുടമസ്ഥനെയും വസ്തു ഇടപാടുകാരനെയുമൊക്കെ പോലീസ് ചോദ്യം ചെയ്തു. ഗാസിപുരിലും സീമാപുരിയിലും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
പൊതുസ്ഥലങ്ങളിൽ വ്യാപകമായി സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടുള്ള സ്ഫോടകവസ്തുക്കളെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രാദേശികപിന്തുണയില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്താനാവില്ല. -രാകേഷ് അസ്താന മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹിയിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള സമാനസംഭവങ്ങളെല്ലാം പരിശോധിച്ചുവരികയാണ്. പ്രാദേശികവും വൈദേശികവുമായ ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു.- കമ്മിഷണർ വ്യക്തമാക്കി.
സംശയകരമായ സാഹചര്യത്തിൽ ബാഗിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ ഓൾഡ് സീമാപുരിയിലെ നാനൂറോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ഉന്നത പോലീസുദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശം മുദ്ര വെച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിനു മുമ്പായി ലോക്കൽ പോലീസ് ഇവിടെ അന്വേഷണം നടത്തിയിരുന്നു. ബാഗ് കണ്ടെത്തിയ ശേഷം, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളെല്ലാം പ്രത്യേകസംഘത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിച്ചുവരുന്നു.
പ്രദേശത്തുനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമാണെന്ന് എൻ.എസ്.ജി.യുടെ വിലയിരുത്തൽ. എന്നാൽ, ഫൊറൻസിക് പരിശോധനയുടെ ഫലം വന്ന ശേഷമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ. ഗാസിപ്പുർ മാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെടുത്തതിലെ അന്വേഷണത്തിൽനിന്നാണ് സീമാപുരി സംഭവത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വിവരമറിഞ്ഞയുടൻ സ്പെഷ്യൽ സംഘം സ്ഥലത്തെത്തി. എൻ.എസ്.ജി. സംഘവും വിദഗ്ധരും ഉടനെത്തി. വീടു പരിശോധിച്ചപ്പോൾ പൂട്ടിയിട്ട നിലയിലായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് വീടിനുമുന്നിലെ റോഡിൽ കിടന്നിരുന്നു.
സ്ഫോടനം ആസൂത്രണം ചെയ്തവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഗാസിപുർ പൂമാർക്കറ്റിൽ സ്ഫോടകവസ്തു കണ്ടെത്തിയതും സീമാപുരി സംഭവവും തമ്മിൽ ബന്ധമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻ.എസ്.ജി. സംഘത്തിന്റെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി. ശേഖരിച്ച തെളിവുകളെല്ലാം പോലീസിനു കൈമാറിയതായി എൻ.എസ്.ജി. ഉദ്യോഗസ്ഥൻ അറിയിച്ചു.
വാടകവീടിന്റെ ഉടമ കസ്റ്റഡിയിൽ
ന്യൂഡൽഹി: സീമാപുരിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ആഷിം പോലീസ് കസ്റ്റഡിയിൽ. ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടുപേർക്ക് വീടു വാടകയ്ക്കു നൽകിയിരുന്നതായി ആഷിമിന്റെ ഭാര്യ പറഞ്ഞു. മകനെ പോലീസ് പിടിച്ചുകൊണ്ടുപോയെന്ന് അമ്മയും പരാതിപ്പെട്ടു.
വീടു വാടകയ്ക്കു നൽകാൻ രണ്ടുപേരുടെ വിവരങ്ങളുള്ള രേഖകൾ വാങ്ങിയിരുന്നതായി ഉടമസ്ഥൻ പോലീസിനോടു പറഞ്ഞു. എന്നാൽ, ഈ രേഖകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.