വീടു വാടകയ്‌ക്കെടുക്കാൻ നൽകിയത് വ്യാജരേഖകൾ


ന്യൂഡൽഹി : സ്ഫോടകവസ്തുക്കൾക്കു പിന്നിലെന്നു സംശയിക്കുന്ന രണ്ടുപേർ സീമാപുരിയിൽ വീടു വാടകയ്ക്കെടുത്തത് വ്യാജരേഖകൾ നൽകിയാണെന്ന് പോലീസ്. വീടു വാടകയ്ക്കു കൊടുക്കുന്നതിനുമുമ്പ് ഉടമസ്ഥൻ പോലീസ് പരിശോധന നടത്തിയിരുന്നില്ലെന്നും അറിയുന്നു.

വീടിന്റെ രണ്ടാം നിലയാണ് വാടകയ്ക്കു നൽകിയിരുന്നത്. വസ്തു ഇടപാടുകാരൻ ഷക്കീൽ വഴിയാണ് രണ്ടുപേർ വന്നത്. ഒരാളാണ് ആദ്യം വീട്ടിൽ താമസിച്ചത്. പത്തു ദിവസം മുമ്പ് മൂന്നുപേർ കൂടി അവിടെ താമസിക്കാനെത്തി. എന്നാൽ, വ്യാഴാഴ്ച സ്ഫോടകവസ്തു നിറച്ച ബാഗിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച് പോലീസ് എത്തുന്നതിനുമുമ്പേ എല്ലാവരും കടന്നു കളഞ്ഞു.

സംശയകരമായ ഒട്ടേറെ ഫോണുകൾ ചോർത്തിയതിൽനിന്നാണ് സീമാപുരിയിലേക്കുള്ള സൂചനകൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംശയിക്കുന്നവരെ ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവരുടെ ചിത്രങ്ങളും കൈയിലുണ്ടെന്ന് അറിയുന്നു. എന്നാൽ, ഇവർ എവിടെനിന്നുള്ളവരാണെന്നു വ്യക്തമല്ല. വൻഗൂഢാലോചനയുടെ ഭാഗമാവാം ഇവരെന്നും അല്ലെങ്കിൽ ഭീകരസംഘങ്ങളുടെ സ്ലീപ്പർസെല്ലായി പ്രവർത്തിക്കുന്നവരാവാമെന്നും പോലീസ് സംശയിക്കുന്നു.

എന്തായാലും ജനുവരിയിൽ ഗാസിപുരിൽ സ്ഫോടകവസ്തു കണ്ടെടുത്തതും സീമാപുരിയിലേതും തമ്മിൽ ബന്ധമുണ്ടെന്ന വിശ്വാസത്തിൽതന്നെയാണ് അന്വേഷണസംഘം എന്നറിയുന്നു. ജനുവരി 29-ന് ഹിമാചൽപ്രദേശിലെ കുളുവിൽ കാർ പാർക്കിങ് കേന്ദ്രത്തിൽ സ്ഫോടനം നടന്നിരുന്നു. ഗാസിപുരിൽ കണ്ടെത്തിയ ഐ.ഇ.ഡി.യും പിന്നീട് സീമാപുരിയിൽ സ്ഫോടകവസ്തു കണ്ടെത്തിയതുമൊക്കെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടവയാവാമെന്നും സംശയിക്കുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കൂടിയാണ് വലിയൊരു സ്ഫോടനശൃംഖല ലക്ഷ്യമിട്ടിരുന്നതായി പോലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram