ന്യൂഡൽഹി : മദ്യപിച്ചു ശല്യമുണ്ടാക്കിയതിന് നോയ്ഡയിലും ഗ്രെയ്റ്റർ നോയ്ഡയിലുമായി അറസ്റ്റിലായത് അറുനൂറോളം പേർ. പോലീസ് കമ്മിഷണർ അലോക് സിങ്ങിന്റെ നിർദേശമനുസരിച്ചായിരുന്നു മദ്യപന്മാരെ പിടികൂടൽ.
മദ്യപിച്ചശേഷം പൊതുസ്ഥലത്തു ബഹളമുണ്ടാക്കുകയും ജനങ്ങളെ ശല്യപ്പെടുത്തുകയുംചെയ്ത 589 പേരെ അറസ്റ്റ്‌ചെയ്തതായി അധികൃതർ അറിയിച്ചു. കമ്മിഷണറേറ്റിനു കീഴിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരക്കാരെ പിടികൂടാൻ പോലീസ് വലവിരിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു മദ്യപരെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽപ്പരിശോധന.
ഇവർക്കെതിരേ മദ്യപിച്ചു പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം 290 അനുസരിച്ച് കുറ്റംചുമത്തിയതും എല്ലാവർക്കും പിഴയടയ്ക്കാൻ ചലാൻ നൽകിയതായും പോലീസ് വക്താവ് അറിയിച്ചു.