ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ കുറ്റാരോപിതനായ ഉമർ ഖാലിദിനെ വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയത് വിവാദത്തിൽ. വിലങ്ങില്ലാതെ ഹാജരാക്കണമെന്ന കോടതി ഉത്തരവ് ഡൽഹി പോലീസ് ലംഘിച്ചെന്നാണ് പരാതി.
കഡ്കഡൂമ കോടതിയിൽ വ്യാഴാഴ്ച ഉമർ ഖാലിദിനെ വിലങ്ങണിയിച്ചു ഹാജരാക്കിയതിൽ പരാതി ഉയർന്നതോടെ കോടതി ജയിൽവിഭാഗം ഡി.ജി.പിക്കു നോട്ടീസയച്ചു. കൈയാമംവെച്ചു ഹാജരാക്കിയതിനെക്കുറിച്ച് അന്വേഷണം നടത്താനാണ് ആവശ്യം.
ജനവരി 17-ന് പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ പുറപ്പെടുവിച്ച ഉത്തരവാണ് വ്യാഴാഴ്ച ഡൽഹി പോലീസ് ലംഘിച്ചത്. വിലങ്ങോ ചങ്ങലയോ അണിയിക്കാതെ സാധാരണമട്ടിൽ ഉമർ ഖാലിദിനെ ഹാജരാക്കിയാൽ മതിയെന്നായിരുന്നു കോടതി നിർദേശം. ഉത്തരവിന്റെ പകർപ്പ് ജയിൽ സൂപ്രണ്ടിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം ജസ്റ്റിസ് അമിതാഭ് റാവത്തിനു മുമ്പാകെ ഹാജരാക്കാൻ ഉമർ ഖാലിദിനെ കൊണ്ടുവന്നതു വിലങ്ങണിയിച്ചാണെന്ന് അഭിഭാഷകർ പറഞ്ഞു. ജസ്റ്റിസ് റാവത്ത് അവധിയിലായിരുന്നു. കോൺസൽമാരും അഭിഭാഷകരും ഹാജരായിരുന്നു. എന്നാൽ, ലിങ്ക് ജഡ്ജി നവീൻ ഗുപ്തയുടെ മുന്നിലോ മറ്റേതെങ്കിലും ജുഡീഷ്യൽ ഓഫീസർക്കു മുന്നിലോ ഉമർ ഖാലിദിനെ ഹാജരാക്കിയില്ല. ഉമർ ഖാലിദ്, സെയ്ഫി എന്നിവരെ വിലങ്ങണിയിച്ചു ഹാജരാക്കാൻ ഡൽഹി പോലീസ് നൽകിയ അപേക്ഷ അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് കഴിഞ്ഞവർഷം മേയ് ആറിന് നിരസിച്ചിരുന്നതായും അഭിഭാഷകർ പറഞ്ഞു.
വ്യാഴാഴ്ച വിലങ്ങണിയിച്ചു ഹാജരാക്കിയതിനുപിന്നാലെ ഉമർ ഖാലിദിന്റെ അഭിഭാഷകൻ പരാതിയുമായി കോടതിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് ജഡ്ജി ജയിൽ ഡി.ജി.പിക്കു കത്തയച്ചത്. വിചാരണത്തടവുകാരൻ കോടതിയുടെ കസ്റ്റഡിക്കു കീഴിലാണെന്ന് ജഡ്ജി പോലീസിനെ ഓർമിപ്പിച്ചു. കോടതിയുടെ ഉത്തരവില്ലാതെ ഇത്തരം നടപടികളെടുക്കരുതെന്നും അഭിപ്രായപ്പെട്ടു.
എന്നാൽ, 2021 ഏപ്രിൽ ഏഴിന് പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിനു വിധേയമായി മാത്രമേ ഉമർ ഖാലിദിനെ വിലങ്ങണിയിച്ചു ഹാജരാക്കിയിട്ടുള്ളൂവെന്നാണ് എസ്.ഐ. രൺബീർ സിങ്, എ.എസ്.ഐ കൃഷൻകുമാർ എന്നിവരുടെ വിശദീകരണം.