തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തമിഴ് നിര്‍ബന്ധ ഒന്നാം ഭാഷയാക്കിയതോടെ മലയാളം, തെലുങ്ക്, ഉറുദു, കന്നഡ എന്നിവയുള്‍പ്പെടെയുള്ള ന്യൃനപക്ഷ ഭാഷകള്‍ പഠിക്കുന്നതിന് അവസരമില്ലാതായിരിക്കുകയാണെന്ന് ഫോറം ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡോ. റെഡ്ഡി ആവശ്യപ്പെട്ടു. മാതൃഭാഷ പഠിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ ഗൗരവമായി കാണേണ്ടതുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പത്താംക്ലാസ്സില്‍ തമിഴ് പരീക്ഷ എഴുതുന്നതില്‍ നിന്ന് ഭാഷാ ന്യൂനപക്ഷ വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫോറത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2006-ലാണ് തമിഴ്‌നാട്ടില്‍ അന്നത്തെ ഡി.എം.കെ. സര്‍ക്കാര്‍ തമിഴ് നിര്‍ബന്ധ ഒന്നാം ഭാഷയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെ തമിഴായിരിക്കണം നിര്‍ബന്ധിത ഒന്നാം ഭാഷ എന്നായിരുന്നു ഉത്തരവിന്റെ കാതല്‍. ഈ ഉത്തരവ് പടിപടിയായി നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം.
2015-16 മുതല്‍ തമിഴ്‌നാട്ടില്‍ പത്താം ക്ലാസ്സില്‍ തമിഴിനും ഇംഗ്‌ളീഷിനും മാത്രമേ പൊതു പരീക്ഷയുണ്ടായിരിക്കുകയുള്ളുവെന്നും ന്യൂനപക്ഷ ഭാഷകള്‍ ഓപ്ഷണലായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഭാഷാ ന്യൂനപക്ഷ ഫോറവും ഒരു കൂട്ടം രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീപിച്ചത്.