ചെന്നൈ: ശബരിമല ദർശനത്തിനായി മഹാലിംഗപുരം അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഞായറാഴ്ച കെട്ടുനിറച്ച് യാത്രപുറപ്പെട്ടത് 1051 പേർ. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരുദിവസം ഇത്രയേറെപ്പേർ ഇവിടെനിന്ന് യാത്രപുറപ്പെട്ടത്. 15 ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ രാവിലെ അഞ്ചിന് കെട്ടുനിറ ആരംഭിച്ചു. വൈകീട്ട് മൂന്നുവരെ തുടർന്നു. 100 പേർ മാത്രമാണ് മുൻകൂട്ടി ബുക്കുചെയ്ത് എത്തിയത്. ബാക്കിയുള്ളവർ നേരിട്ട് ക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കുകയായിരുന്നു.
ഇതിനുമുമ്പ് 900 ഭക്തർവരെ ഒരുദിവസം കെട്ടുനിറച്ച് ഇവിടെ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ഇതുവരെ 18,000-ത്തോളം ഭക്തരാണ് മഹാലിംഗപുരം ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ചത്. കെ.കെ. നഗർ അയ്യപ്പക്ഷേത്രത്തിൽ കഴിഞ്ഞദിവസം 700-ഒാളം തീർഥാടകർ കെട്ടുനിറച്ചിരുന്നു. ഇത്തവണ നഗരത്തിലെ അയപ്പക്ഷേത്രങ്ങളിൽ മാലധാരണത്തിനും കെട്ടുനിറയ്ക്കുമായി ശബരിമല തീർഥാടകരുടെ വൻ തിരക്കാണ് ദൃശ്യമാകുന്നത്.