നിയന്ത്രിക്കാൻ ആളില്ല: ചെന്നൈയിൽനിന്നുള്ള സ്വകാര്യബസുകളിലും ഗുണ്ടാരാജ്


By അരുൺ സാബു

2 min read
Read later
Print
Share

ചെന്നൈ: സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ചെന്നൈയിൽനിന്നുള്ള യാത്രക്കാർക്ക് പറയാനുള്ളതും ദുരിതകഥകൾതന്നെ. കേരളത്തിലേക്ക് എത്തുന്നതിന് തമിഴ്‌നാട് സർക്കാരിന്റെ ചുരുക്കംചില ബസുകളൊഴിച്ചാൽ മലബാറിലേക്കുൾപ്പെടെ നഗരത്തിൽനിന്ന് ഏക ആശ്രയം സ്വകാര്യ ബസുകളാണ്. ഉത്സവകാലങ്ങളിൽ തോന്നുംപടിയാണ് ഇവയിൽ പണം ഈടാക്കുന്നത്. പലപ്പോഴായി ഇത് വാർത്തയായിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. നാട്ടിലേക്ക് കെ.എസ്.ആർ.ടി.സി. സ്ഥിരംസർവീസ് ആരംഭിക്കണമെന്ന ആവശ്യം തുടർച്ചയായി ഉയരുന്നുണ്ടെങ്കിലും അധികൃതർ മനസ്സുവെക്കാത്തതിനാൽ തീരുമാനം അനിശ്ചിതമായി നീളുകയാണ്.

ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകളുടെ നിരക്കിൽ ഏകീകരണമില്ലാത്തത് യാത്രക്കാരെ പലപ്പോഴും വലയ്ക്കാറുണ്ട്. സാധാരണ ദിവസങ്ങളിൽ ആയിരത്തിൽതാഴെയുള്ള നിരക്ക് വാരാന്ത്യങ്ങളിൽ രണ്ടായിരത്തിനടുത്തെത്തും. ബാഗ് ഉൾപ്പെടെയുള്ള ലഗേജുകൾക്ക് അധികംതുക ഈടാക്കുന്ന പ്രവണതയും ചില ബസുകളിലുണ്ട്. എന്നാൽ, വാങ്ങുന്ന പണത്തിനനുസരിച്ചുള്ള മാന്യമായ സേവനം ബസുകളിൽനിന്ന് ലഭിക്കാറില്ലെന്ന് പറയുന്നതിൽ യാത്രക്കാർക്ക് ഒരേ സ്വരമാണ്. പലപ്പോഴും ബസുകൾ ബ്രേക്ക് ഡൗണായി വഴിയിൽക്കിടക്കുന്നതും പതിവുകാഴ്ചയാണെന്ന് സ്ഥിരംയാത്രക്കാർ പറയുന്നു. തമിഴ്‌നാട്ടിലെ പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്തായിരിക്കും ബസ് നിർത്തിയിട്ടുണ്ടാകുക. ജീവനക്കാരോട് പരാതിപ്പെട്ടാൽ പരുക്കൻ മറുപടിയായിരിക്കും ലഭിക്കുന്നത്. ബഹുഭൂരിപക്ഷവും മാന്യത പുലർത്താറില്ലെന്ന് കോഴിക്കോട്ടേക്ക് സ്ഥിരമായി യാത്രചെയ്യുന്ന നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയായ നീതു ടോമി പറഞ്ഞു. വിശേഷദിവസങ്ങളിൽ ബസിൽ നിരക്ക് വർധിക്കുമ്പോൾ പരാതി പറയുന്നവർ ബാക്കിദിവസങ്ങളിൽ ബസ് എങ്ങനെയാണ് ട്രിപ്പ് നടത്തുന്നതെന്ന് ആലോചിക്കാറില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. പലപ്പോഴും ഡീസൽചെലവ് ലാഭത്തിലാക്കുന്നത് പാഴ്‌സലുകളിലൂടെയാണെന്നും അവർ പറഞ്ഞു. യാത്രതുടങ്ങിയാൽ വഴിയിൽ ഏതെങ്കിലും ഹോട്ടലിനുമുമ്പിലാകും ബസ് നിർത്തുക. ഹോട്ടലുകാരിൽനിന്ന് കമ്മിഷൻ പണംവാങ്ങിയാണ് മിക്ക ബസുകാരും ചില പ്രത്യേക ഇടങ്ങളിൽ ബസ് നിർത്തുന്നത്. യാത്രയ്ക്കിടയിൽ പലപ്പോഴായി ബസ് മാറിക്കയറേണ്ടിവരാറുള്ളതിന്റെ രോഷമാണ് തരമണിയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ ആന്റോ പങ്കുവെച്ചത്. ബുക്കുചെയ്ത് യാത്രചെയ്യുന്ന ബസുകളിൽനിന്ന് ഇറങ്ങി വേറെ ബസിൽ കയറാൻ ജീവനക്കാർ ആവശ്യപ്പെടാറുണ്ട്. പലപ്പോഴും നല്ല ഉറക്കത്തിലാകുമ്പോഴാകും ജീവനക്കാർവന്ന് ഉണർത്തുക. ബസ് മാറിക്കയറുമ്പോൾ സാധനങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ട് -ആന്റോ കൂട്ടിച്ചേർത്തു. നാട്ടിലേക്ക് തമിഴ്‌നാട് സർക്കാരിന്റെ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും അധികസമയമെടുക്കുമെന്നതിനാൽ പലർക്കും താത്പര്യമില്ല. സ്വകാര്യ ബസുകളുടെ ഏകാധിപത്യമാണ് ചെന്നൈ റൂട്ടിൽ നടക്കുന്നതെന്ന് മുഗപ്പേർ സ്വദേശിയായ സുനിൽകൃഷ്ണൻ പറയുന്നു. മറ്റ് സർവീസുകളില്ലാത്തതിനാലാണ് ധാർഷ്ട്യത്തോടെ ജീവനക്കാർ പെരുമാറുന്നത്. പരാതിപറയാൻ കസ്റ്റമർകെയറുകളിൽ വിളിച്ചാലും കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും സുനിൽ പറഞ്ഞു. നിയന്ത്രിക്കാനാളില്ലാത്തതിനാൽ സ്വകാര്യ ബസുകാരുടെ അപ്രമാദിത്വം ചെന്നൈയിൽനിന്നും തുടരുകയാണ്.

യാതൊരു നിയമവ്യവസ്ഥയും ബാധകമല്ലെന്ന തരത്തിലാണ് അന്തർസംസ്ഥാന സ്വകാര്യബസുകളുടെ സർവീസ്. തോന്നുംപടി നിരക്ക് വാങ്ങുക, വഴിയിൽ ബസ് നിർത്തിയിടുക, ബസ് മാറ്റിക്കയറ്റുക, ശരിയായ വിവരങ്ങൾ നൽകാതെയിരിക്കുക തുടങ്ങിയവ നിത്യസംഭവങ്ങളാണ്. വൈറ്റിലയിലെ സംഭവം അവസരമായി കണ്ട് സർക്കാർ ഈ വിഷയത്തിൽ ശക്തമായി ഇടപെടണം.

- സുനിൽ കൃഷ്ണൻ, മുഗപ്പേർ.

Content Highlights: complaints about chennai to kerala private bus service

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram