ചെന്നൈ: ഇന്ന് ക്രിസ്മസ്. സ്നേഹത്തിന്റെ ശാന്തിദൂതുമായി നാടും നഗരവും ക്രിസ്മസ് ആഘോഷിക്കുന്നു. ലോകത്തിന് പ്രകാശം പകർന്ന് ബത്‌ലഹേം പുൽത്തൊഴുത്തിൽ മിശിഹാ പിറന്നതിന്റെ ഓർമപുതുക്കി ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിലും പ്രത്യേക പ്രാർഥനകളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെന്നൈയിലെ പള്ളികളിൽ പുലർച്ചെവരെയും ക്രിസ്‌മസ് ശുശ്രൂഷകളും പ്രാർഥനകളും നടന്നു. ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ക്രിസ്‌മസ് സന്ദേശം നൽകി. സിറോ മലബാർ, ഓർത്തഡോക്സ്, മർത്തോമ, യാക്കോബായ, സി.എസ്.ഐ., മലങ്കര കത്തോലിക്ക തുടങ്ങിയ സഭാവിഭാഗങ്ങളുടെ നേതൃത്വത്തിൽ ക്രിസ്മസ് ദിനത്തിൽ പ്രത്യേക ആരാധനകൾ നടക്കും. വിവിധ സഭകൾക്ക് കീഴിൽ വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ആശംസകളുമായി നേതാക്കൾ
ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ വിശ്വസികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. യേശുക്രിസ്തുവിനെപ്പോലെ എല്ലാവരും സ്നേഹവും സാഹോദര്യവും പുലർത്തണമെന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ, പി.എം.കെ. നേതാവ് അൻപുമണി രാമദാസ്, ടി.എം.സി. പ്രസിഡന്റ് ജി.കെ. വാസൻ തുടങ്ങിയവരും ക്രിസ്മസ് ആശംസകൾ പങ്കുവെച്ചു.
Share this Article
Related Topics