ചെന്നൈ: അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ വീട്ടിൽതന്നെ നടത്താൻ പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ. ബയോമെട്രിക് വിവരങ്ങളടക്കം രേഖപ്പെടുത്താൻ സാമൂഹിക ക്ഷേമവകുപ്പ് ജീവനക്കാർ വീട്ടിലെത്തും.
പദ്ധതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാർ മുഖേനയായിരിക്കും സംരംഭം നടപ്പാക്കുക. ഇതുപ്രകാരം ലാപ്‌ടോപ്, ബയോമെട്രിക് യന്ത്രം തുടങ്ങിയ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.
ആകെ 1,302 കിറ്റുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. 13.61 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി ജീവനക്കാർ അവരവരുടെ മേഖലയിലുള്ള വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഉപകരണങ്ങൾ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങളും വീട്ടിൽ വെച്ചുതന്നെ രേഖപ്പെടുത്തും. ഗർഭിണികൾ, മുലകൊടുക്കുന്ന അമ്മമാർ തുടങ്ങിയവർക്ക് ആധാർ രജിസ്‌ട്രേഷനുവേണ്ടി ഗ്രാമപ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
Share this Article