Photo: PTI
ചെന്നൈ : വില കുറച്ചതോടെ തമിഴ്‌നാട്ടിൽ പെട്രോൾ വിൽപ്പനയിൽ വർധന. ലിറ്ററിന് മൂന്നുരൂപ കുറച്ചതിനെത്തുടർന്ന് പ്രതിദിന വിൽപ്പനയിൽ 13 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനസർക്കാർ വരുത്തിയ നികുതി ഇളവ് നിലവിൽ വരുന്നതിനുമുമ്പ് ഈമാസം ഒന്നുമുതൽ 13 വരെ ശരാശരി പ്രതിദിന വിൽപ്പന 9180 കിലോ ലിറ്ററായിരുന്നു (91.8 ലക്ഷം ലിറ്റർ). എന്നാൽ, അടുത്ത നാലുദിവസത്തെ വിൽപ്പന 10,317 കിലോ ലിറ്ററായി (1.03 കോടി ലിറ്റർ) ഉയർന്നുവെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു.
ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയെ നേരിടുമ്പോഴും നികുതി ഇളവ് നൽകി പെട്രോൾവില കുറയ്ക്കാൻ സ്റ്റാലിൻ സർക്കാർ തീരുമാനിച്ചത്. പ്രതിവർഷം 1160 കോടി രൂപ ഇതിലൂടെ സംസ്ഥാനത്തിന് നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്.
പെട്രോൾവില കുറച്ചതിന്റെ പ്രയോജനം 2.6 കോടി ഇരുചക്രവാഹനയാത്രക്കാർക്ക് ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ, വിലക്കുറവിന്റെ പ്രയോജനം സാധാരണക്കാരെക്കാൾ ധനികരെയാണ് സഹായിക്കുകയെന്ന ആശങ്കയും തമിഴ്‌നാട് സർക്കാരിനുണ്ട്.
Share this Article
Related Topics