ചെന്നൈ: തമിഴ്‌നാട്ടിൽ ജയിൽപ്പുള്ളികൾ ഒരുദിവസത്തെ അവധിക്കായി നൽകുന്ന കൈക്കൂലി 5000 രൂപ. ജയിലിലെ വ്യവസ്ഥകൾക്ക് വിധേയമായി ഒരു തടവുകാരൻ മൂന്നുവർഷം ജയിലിൽ കഴിഞ്ഞാൽ തമിഴ്‌നാട് പ്രിസൺ മാന്വൽ (ടി.എൻ.പി.എം.) നിയമപ്രകാരം പിന്നീടുള്ള ഒാരോ വർഷവും നാലുഘട്ടങ്ങളിലായി 15 ദിവസം അവധി ലഭിക്കും. 1982-ലെ തമിഴ്‌നാട് സസ്പെഷൻ ഓഫ് സെന്റൻസ് റൂൾസ് 22(2) പ്രകാരം രണ്ടുവർഷം കൂടുമ്പോൾ ഒരു മാസം ഓർഡിനറി അവധിയും ലഭിക്കും.
നിയമപ്രകാരമുള്ള അവധിക്കായി തടവുകാരനും കുടുംബവും വൻ തോതിലുള്ള ധനബാധ്യതയാണ് ഇപ്പോൾ ഏറ്റെടുക്കേണ്ടിവരുന്നത്.
ഇതുസംബന്ധിച്ചുള്ള പരാതികൾ പരിശോധിച്ചുവരികയാണെന്ന് ജയിൽ എ.ഡി.ജി.പി. അശുതോഷ് ശുക്ള പറഞ്ഞു. മൂന്നുദിവസത്തെ പരോളിന് 5000 രൂപ മുതൽ 15,000 രൂപവരെയും ആറുദിവസത്തേക്ക് 8000 രൂപ മുതൽ 18,000 രൂപവരെയും നൽകണമെന്ന് തടവുകാരുടെ കുടുംബാംഗങ്ങൾ പറയുന്നു.
പത്തുവർഷത്തിലേറെയായി ജയിലിൽ കഴിയുന്നവർ വൻ തുകയാണ് നൽകേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ചിലർ അർഹതയുള്ള അവധിക്കും അപേക്ഷിക്കാറില്ല. ജയിലിൽക്കഴിഞ്ഞ് വളരെ നിരാശരായി കാണപ്പെടുന്ന തടവുകാരെ ചില സത്യസന്ധരായ ഉദ്യോഗസ്ഥർ അവധിയിൽ വിടാറുണ്ട്.
അവധി അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട് തടവുകാരുടെ ബന്ധുക്കളുമായി വിലപേശുന്ന ജീവനക്കാരുടെ സംഘംതന്നെ ചെന്നൈയ്ക്ക് സമീപമുള്ള പുഴൽ സെൻട്രൽ ജയിലുണ്ടത്രെ. തടവുകാരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് കൈക്കൂലിയിൽ എജന്റുമാർ അല്പം വിട്ടുവീഴ്ചകൾ നടത്തും.
അതേസമയം, ഇതുവരെ ഇതുസംബന്ധിച്ച് തടവുകാരിൽനിന്ന് പരാതി ലഭിച്ചിരുന്നില്ലെന്ന് പുഴൽ സെൻട്രൽ ജയിൽ സുപ്രണ്ട് വി. രുക്മിണി പ്രിയദർശിനി പറഞ്ഞു.