സിനിമാനിര്‍മാതാവ് രാജു മഹാലിംഗത്തിന്റെ നേതൃത്വത്തിലാണ് അംഗത്വപ്രചാരണ പരിപാടികള്‍ നടക്കുന്നത്. ജില്ലകള്‍ തോറും ആരാധകസംഘടന നേതാക്കളെ നേരില്‍കണ്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വിശദീകരിക്കുന്നത് മഹാലിംഗമാണ്. രജനിയുടെ പാര്‍ട്ടിയില്‍ ചേരുന്നതിനുവേണ്ടി ലൈക്ക പ്രൊഡക്ഷന്‍സില്‍നിന്ന് രാജിവെച്ചാണ് മഹാലിംഗം രംഗത്തിറങ്ങിയിരിക്കുന്നത്. നടനും നൃത്തസംവിധായകനുമായ രാഘവേന്ദ്ര ലോറന്‍സും രജനിയുടെ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വെല്ലൂരില്‍ ജില്ലയിലെ ആരാധക സംഘടനാ നേതാക്കളുമായി മഹാലിംഗം കൂടിക്കാഴ്ച നടത്തിയിരുന്നു. വെല്ലൂരില്‍നിന്ന് മാത്രം ഏഴുലക്ഷം അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്നാണ് ഇവിടെയുള്ള ആരാധകസംഘടനകള്‍ പറയുന്നത്. ഇത്തരത്തില്‍ മധുര അടക്കമുള്ളയിടങ്ങളിലും അംഗത്വപ്രചാരണം സജീവമായി നടക്കുന്നുണ്ട്. പലയിടങ്ങളിലും ഓണ്‍ലൈനില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ നടത്തിയിരുന്നു. ചെന്നൈയില്‍ തെരുവുകള്‍തോറും കയറിയിറങ്ങി അംഗത്വഫോം വിതരണംചെയ്യുന്നുണ്ട്.
രജനി രസികര്‍ (ആരാധകര്‍) മന്‍ഡ്രം എന്ന പേരിലായിരുന്നു ആദ്യം വെബ്‌സൈറ്റ് ആരംഭിച്ചത്. എന്നാല്‍, പിന്നീട് ഇതിന്റെ പേര് രജനി മക്കള്‍ (ജനങ്ങള്‍) മന്‍ഡ്രം എന്നാക്കിയിരുന്നു. സംസ്ഥാനത്ത് മാറ്റം ആഗ്രഹിക്കുന്നവര്‍ തനിക്കൊപ്പം ചേരണമെന്നാണ് രജനിയുടെ അഭ്യര്‍ഥന. ആരാധകസംഘടനയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കുന്നതെന്ന് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച ചടങ്ങില്‍ തന്നെ രജനീകാന്ത് വ്യക്തമാക്കിയിരുന്നു. കഴിയുന്നത്ര അംഗങ്ങളെ സംഘടനയില്‍ ചേര്‍ക്കാനാണ് ആരാധകസംഘടനാ ഭാരവാഹികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ പദവി വാഗ്ദാനമുണ്ട്.
ആറുമാസത്തിനുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പുണ്ടായാലും മത്സരിക്കുമെന്ന് പറയുന്ന രജനീകാന്ത് എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം എന്നായിരിക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍, അടുത്തമാസം 21-ന് രാമനാഥപുരത്ത് ചേരുന്ന യോഗത്തില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്.