അതേസമയം ഡി.എം.കെ. പ്രതിപക്ഷസ്ഥാനാര്‍ഥിക്കുള്ള പിന്തുണ നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, എ.ഐ.എ.ഡി.എം.കെ. അമ്മവിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയില്‍ മൂന്നുഗ്രൂപ്പുകള്‍ രൂപംകൊണ്ടിട്ടുള്ളത്. ദിനകരനും എടപ്പാടിപക്ഷത്തെ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈയും ചൊവ്വാഴ്ച ബെംഗളൂരു അഗ്രഹാര ജയിലില്‍ ജനറല്‍ സെക്രട്ടറി ശശികലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാടായിരുന്നു മുഖ്യാചര്‍ച്ചവിഷയം.
എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ഏകദേശം ധാരണയായതായും അറിയുന്നു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. എടപ്പാടിപക്ഷവും പനീര്‍ശെല്‍വം പക്ഷവും മാനസികമായി ബി.ജെ.പി.യുമായി അടുപ്പം പുലര്‍ത്തുന്നുണ്ട്. കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി എടപ്പാടിയെ നേരിട്ടുവിളിച്ച് ഔദ്യോഗികമായി പിന്തുണതേടിയിരുന്നു. എന്നാല്‍ തന്നെ പലതരത്തില്‍ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചു എന്ന് ബി.ജെ.പി.ക്കുമേല്‍ ആരോപണം ചെലുത്തിയ ദിനകരന്‍ മാനസികമായി എന്‍.ഡി.എയ്ക്കു പിന്തുണനല്‍കുന്നതില്‍ അല്‍പ്പം പിറകിലോട്ടാണ്. എന്നാല്‍ മുന്നില്‍ മറ്റൊരുഗത്യന്തരവും ഇല്ലാത്ത സ്ഥിതിക്ക് ദിനകരനു ഇതിന് വഴങ്ങേണ്ട സ്ഥിതിയാണുള്ളത്. പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയകക്ഷിയാണ് എ.ഐ.എ.ഡി.എം.കെ. മൊത്തം വോട്ടിന്റെ 5.39 ശതമാനമുണ്ട്. ബി.ജെ.പി. കഴിഞ്ഞാല്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്ന വലിയ പാര്‍ട്ടികളിലൊന്നു കൂടിയാവും. പുതുച്ചേരിയിലെ നാലുപേര്‍ ഉള്‍പ്പെടെ 138 എം.എല്‍.എ.മാരും 50 എം.പി.മാരും എ.ഐ.എ.ഡി.എം.കെ.യ്ക്കുണ്ട്. എം.എല്‍.എ.മാരുടെ വോട്ടുമൂല്യം 176 ആണ്. ഇ.പി.എസ്-ഒ.പി.എസ് പക്ഷങ്ങള്‍ എന്‍.ഡി.എ.സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ ദിനകരനൊപ്പമുണ്ടെന്ന് പറയുന്ന മുപ്പത് എം.എല്‍.എ.മാരും മൂന്ന് എം.പി.മാരും കേന്ദ്രത്തെ മുഷിപ്പിക്കാനുള്ള സാധ്യതകുറവാണ്.
നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ ദിനകരന്‍പക്ഷം ആലോചിച്ചിരുന്നു. ആദായനികുതി റെയ്ഡും കോഴക്കേസിലെ ജയില്‍ശിക്ഷയുമൊക്കെ തനിക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ കരുനീക്കങ്ങളുടെ ഭാഗമാണെന്ന് ദിനകരന്‍ പലതവണ ആരോപിച്ചിട്ടുമുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു പാര്‍ട്ടി മുതിര്‍ന്നനേതാവും രാജ്യസഭാ എം.പി.യുമായ ടി.കെ.എസ്. ഇളങ്കോവന്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡി.എം.കെ.യുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്.