ചെന്നൈ : സംഗീതസംവിധായകൻ ഇളയരാജ ഈണംനൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് നാലു സംഗീതവിതരണ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി. ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയിലാണ് ഉത്തരവ്.
നേരത്തെ ഹർജി പരിഗണിച്ച ഏകാംഗബെഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയിലാണ് എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങളെ വിലക്കിയത്. പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബെഞ്ച് ഹർജി തള്ളിയതെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഇളയരാജ വാദിച്ചത്. ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു.
ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽനിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി മാർച്ച് 21-ന് വീണ്ടും പരിഗണിക്കും.
തന്റെ പാട്ടുകൾ ഗാനമേളകൾക്കും സ്റ്റേജ് ഷോകൾക്കും ഉപയോഗിക്കുന്നതിന് റോയൽറ്റി നൽക്കണമെന്നാവശ്യപ്പെട്ട് ഏതാനും വർഷംമുമ്പ് ഇളയരാജ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു.
അടുത്ത സുഹൃത്തായ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണംവാങ്ങിയുള്ള പരിപാടികൾക്ക് തന്റെ പാട്ട് പാടിയാൽ റോയൽറ്റി ലഭിക്കണമെന്നാണ് ഇളയരാജയുടെ ആവശ്യം.