പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികൾ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളിലൂടെ നിരീക്ഷിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്ക് ചെന്നൈ കോർപ്പറേഷൻ ഓഫീസിൽ പരിശീലനംനൽകുന്നു
ചെന്നൈ : തമിഴ്‌നാട്ടിലെ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ടെടുപ്പ് ശനിയാഴ്ച. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, നഗരപ്പഞ്ചാത്തുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
1,374 കോർപ്പറേഷൻ വാർഡുകൾ, 3,843 മുനിസിപ്പൽ വാർഡുകൾ, 7,621 നഗരപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 57,000-ത്തിധികം സ്ഥാനാർഥികൾ മത്സരിക്കുന്നു. ഡി.എം.കെ., കോൺഗ്രസ്, ഇടതുപക്ഷം അടക്കമുള്ള ഭരണപക്ഷവും എ.ഐ.എ.ഡി.എം.കെ. യും ചെറുപാർട്ടികളും അടങ്ങുന്ന മുഖ്യപ്രതിപക്ഷവും തമ്മിലാണ് പ്രധാനമത്സരം.
ബി.ജെ.പി., പി.എം.കെ., ദിനകരന്റെ എ.എം.എം.കെ., കമൽഹാസന്റെ മക്കൾ നീതി മയ്യം, സീമാന്റെ നാം തമിഴർ കക്ഷി എന്നിവർ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. നടൻ വിജയിയുടെ ആരാധ സംഘടനയിലെ അംഗങ്ങൾ സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്തുണ്ട്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
കനത്ത സുരക്ഷ
ചെന്നൈ : വോട്ടെടുപ്പിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാനമെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം പോലീസുകാരെ തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി നിയോഗിച്ചു. എല്ലാ പോളിങ് ബൂത്തുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നേതൃത്വം നൽകാൻ 41 ഐ.എ.എസുകാരെ നിയമിച്ചു. ആകെ 1.33 ലക്ഷം സർക്കാർ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസമായ വെള്ളിയാഴ്ച ഫ്ലൈയിങ് സ്ക്വാഡ് വ്യാപകമായി പരിശോധ നടത്തി. വോട്ടിന് പണവും സമ്മാനങ്ങളും വിതരണംചെയ്യുന്നത് തടയുന്നതിനായിരുന്നു പരിശോധന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളിൽ സംസ്ഥാനത്ത് ഇതുവരെ 11.89 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒന്നര കോടിയും ചെന്നൈയിൽനിന്നാണ്. ആകെ 30,735 പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 5,960 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഈ ബൂത്തുകളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ആകെ 2.83 കോടി വോട്ടർമാരാണുള്ളത്. നീതിപൂർവമായ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. മാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കോയമ്പത്തൂരിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പോലീസ് കാവലിൽ വോട്ടിങ് യന്ത്രങ്ങൾ ബൂത്തുകളിൽ എത്തിച്ചു. സാധാരണ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടത്തുന്നതെങ്കിലും ഇത്തവണ ഒരു മണിക്കൂർ അധികം നൽകിയിരിക്കുന്നത് കോവിഡ് സ്ഥിരീകരിച്ചവർക്ക് വോട്ടു ചെയ്യുന്നതിനാണ്. വൈകീട്ട് അഞ്ചുമുതൽ ആറുവരെ കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാം.