റൊമാനിയൻ പൗരൻ നെഗോയിറ്റ സ്റ്റെഫാൻ മാരിയസ് ഡി.എം.കെ. ക്കു വേണ്ടി പ്രചാരണം നടത്തുന്നു
ചെന്നൈ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.ക്കു വേണ്ടി പ്രചാരണം നടത്തിയ വിദേശിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ നോട്ടീസ്. റൊമാനിയൻ പൗരൻ നെഗോയിറ്റ സ്റ്റെഫാൻ മാരിയസിനാണ് നോട്ടീസ് അയച്ചത്. വ്യാപാരാവശ്യത്തിനായി കോയമ്പത്തൂരിൽ എത്തിയ മാരിയസ് വിസാചട്ടങ്ങൾ ലംഘിച്ച് ഡി.എം.കെ.ക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായതോടെയാണ് നടപടി.
ചെന്നൈയിലെ ഇമിഗ്രേഷൻ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഡി.എം.കെ. പാർട്ടിയുടെ നിറങ്ങളുള്ള ഷാൾ ധരിച്ച് മാരിയസ് ലഘുലേഖകൾ വിതരണം ചെയ്തതും ഡി.എം.കെ. കൊടിപിടിച്ച് ബൈക്കിൽ യാത്രചെയ്തതും ബസിൽ കയറി പ്രചാരണം നടത്തുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ആകൃഷ്ടനായാണ് താൻ പ്രചാരണത്തിന് ഇറങ്ങിയതെന്നായിരുന്നു മാരിയസിന്റെ പ്രതികരണം. വിസാചട്ടലംഘനവും സന്ദർശന ഉദ്ദേശ്യത്തിന് അനുസൃതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് നടപടി.