മേദാരം ജാത്ര
മേദാരം (തെലങ്കാന) : ജമ്പണ്ണ നദീതീരത്തെ മേദാരത്തു ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രണ്ടുവർഷം കൂടുമ്പോൾ തെലങ്കാനയിലെ മേദാരത്തു നടക്കുന്ന കുംഭമേളയ്ക്കു സമാനമായ ‘സമ്മക്ക സരളക്ക ജാത്ര’ ബുധനാഴ്ചയാണ് തുടങ്ങിയത്.
ഒരുകോടിയിലധികം ജനങ്ങൾ പങ്കെടുക്കുന്ന നാലുദിവസത്തെ വനോത്സവം മേദാരം ജാത്രയെന്നും അറിയപ്പെടുന്നു. കെട്ടുകാഴ്ചകളുമായി സമ്മക്ക, സരളക്ക എന്ന അവരുടെ പരദേവതമാർ കാടിറങ്ങിവരുമ്പോൾ ലക്ഷക്കണക്കിന് ഭക്തർ ജമ്പണ്ണ നദീതീരത്തു വാദ്യമേളങ്ങളോടെ വൻ സ്വീകരണം നൽകും.
പിന്നീട് ദേവതമാരെ പ്രത്യേകം കെട്ടിയലങ്കരിച്ചുതയ്യാറാക്കിയ മണ്ഡപത്തിൽ എഴുന്നള്ളിച്ചു കുടിയിരുത്തും. നാലാംദിവസം പരദേവതമാരെ കാട്ടിലേക്ക് യാത്രയയക്കും. സരളമ്മയുടെ ഭർത്താവ് എന്നു കരുതുന്ന ഗോവിന്ദരാജുലുവിനെയും ആദിവാസി ഗ്രാമത്തിൽനിന്ന് എഴുന്നള്ളത്തായി കൊണ്ടുവരും. ബുധനാഴ്ചതന്നെ വനദേവതയായ സരളക്ക കാടിറങ്ങിവരുന്നതോടെ ഉത്സവലഹരി ഉച്ചസ്ഥായിയിലെത്തും.
ഇതുകൂടാതെ പരദേവതയായ സമ്മക്കയുടെയും ഭർത്താവ് പഗിഡിദരാജുവിന്റെയും സ്വർഗീയവിവാഹം വ്യാഴാഴ്ച മേളലഹരിയിൽ ആഘോഷിക്കപ്പെടും. ഏകദേശം 10,000-ത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകൾ വഴിയും സി.സി. ക്യാമറകൾ വഴിയും തീർഥാടകരുടെ സുരക്ഷ പോലീസ് നിരീക്ഷിക്കും. ആദിവാസികളുടെ നൂറ്റാണ്ടുകളായുള്ള ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചായിരിക്കും പൂജകൾ നടക്കുക. ജാത്ര ഉത്സവം ശനിയാഴ്ച സമാപിക്കും.