ചെന്നൈ : പ്രവാസി ക്ഷേമനിധി പെൻഷൻപദ്ധതിയിൽ അംഗമായിരുന്ന ചെന്നൈ മലയാളിയുടെ കുടുംബത്തിന് മരണാനന്തര സഹായധനം ലഭിച്ചു. 2020 സെപ്റ്റംബറിൽ മരിച്ച പാലക്കാട് നെന്മാറ സ്വദേശി സുരേഷ് മേനോന്റെ (52) കുടുംബത്തിനാണ് 30,000 രൂപ ക്ഷേമനിധി സഹായം ലഭിച്ചത്. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന സുരേഷിന്റെ കുടുംബത്തിന് തുക സഹായമായി.
പെരമ്പൂർ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമായിരുന്ന സുരേഷ് പദ്ധതിയുടെ തുടക്കത്തിൽത്തന്നെ കുടുംബത്തോടെ ക്ഷേമനിധിയിൽ ചേർന്നിരുന്നു. 2020-ൽ സുരേഷിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായപ്പോൾ നോർക്ക വഴിയാണ് കുടുംബം സഹായധനത്തിന് അപേക്ഷിച്ചത്. കഴിഞ്ഞദിവസം തുക കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തി. ക്ഷേമനിധി അംഗങ്ങളായ എല്ലാ പ്രവാസി മലയാളികൾക്കും ഇത്തരത്തിൽ സഹായധനത്തിന് അർഹതയുണ്ട്. സഹായത്തിനായി നോർക്ക ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും സ്പെഷ്യൽ ഓഫീസർ അനു പി. ചാക്കോ അറിയിച്ചു.