ആ രാവിന്‌ എന്തഴകായിരുന്നു


ഷിജു സ്കറിയ

2 min read
Read later
Print
Share

ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു തണുപ്പുപുതച്ച ഉദ്യാന നഗരം

മഞ്ഞുപെയ്യുന്നരാവിൽ ഈറയും കുന്തിരിക്കവുമായി രാജാക്കൻമാർ പോയതിന്റെ ഓർമകൾ പുതുക്കി ഒരു ക്രിസ്മസ് രാവു കൂടി. ഉദ്യാനനഗരി ലോകരക്ഷകന്റെ ജന്മദിനത്തെ കൊണ്ടാടാനുള്ള അന്തിമ ഒരുക്കങ്ങളിലുമാണ്.നഗരത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെല്ലാം ഒരുമാസം നീളുന്ന ക്രിസ്മസ് പരിപാടികളുടെ സമാപനവും ഇതോടൊപ്പം എത്തി. 150 ലേറെ മലയാളി ക്രൈസ്തവ ദേവാലയങ്ങളും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കുകളിലായിരുന്നു. പലരും നാട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ പോകുന്നതിനാൽ മലയാളികളുടെ ദേവാലയങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളും കരോളുകളും നഗരത്തിൽ നേരത്തെ കഴിഞ്ഞിരുന്നു. ഗൃഹാതുര സ്മരണകൾ ഉയർത്തി തമ്പേറും കൊട്ടി കരോൾ ഗാനങ്ങളുമായി വീടുകളിലെത്തുന്ന സംഘവും കുറവായിരുന്നില്ല. മഞ്ഞ് പെയ്യുന്നരാത്രികളിൽ വർണനക്ഷത്രങ്ങൾ കണ്ണുതുറക്കുന്നതോടെ ക്രിസ്മസ് കുളിരിലേയ്ക്ക് ഓർമകൾ വഴിമാറുന്നു.

തമ്പേറും കൊട്ടി...

അതേസമയം, തണുപ്പുപുതച്ച ബെംഗളൂരു നഗരത്തിലെ ഡിസംബർ രാവുകൾ പലരെയും നാട്ടിലെ പഴയ ക്രിസ്മസ് രാവുകളുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്.
ജാതിമതഭേദമെന്യേ വീടുകളിൽ നക്ഷത്രമിട്ടും, മുറ്റത്തെ ചെറുമരങ്ങളെ ക്രിസ്മസ് ട്രീകളാക്കി ഒരുക്കിയും, തൊഴുത്തിൽ കൂട്ടിവെച്ചിരുന്ന വൈക്കോൽ അമ്മ കാണാതെ കട്ടെടുത്ത് പുൽക്കൂടൊരുക്കിയും കൂട്ടുകാർക്ക് സമ്മാനങ്ങൾ പങ്കുവെച്ചും നടന്നിരുന്ന ബാല്യവും കൗമാരവുമെല്ലാം ഓരോ മലയാളിക്കുമുണ്ടാകും. അന്ന് ക്രിസ്മസിന്റെ ഏറ്റവും വലിയ ആഘോഷം കരോളുകളായിരുന്നു. നാട്ടിലെ പള്ളികളിലെല്ലാം രണ്ടുമാസം മുൻപേ പാട്ടുപഠിക്കാൻ തുടങ്ങും.

സിനിമാഗാനങ്ങളുടെയും ക്രിസ്തീയ ഗാനങ്ങളുടെയും ഈണത്തിൽ പാട്ടുകൾ ചിട്ടപ്പെടുത്തി കഠിനമായ പരിശീലനം. പിന്നെ ഡിസംബറിലെ തണുത്തരാവുകളെ വകവെക്കാതെ പാട്ടും കൊട്ടുമായി വീടുകൾ കയറിയിറങ്ങി ക്രിസ്മസിന്റെ സന്ദേശമെത്തിക്കും. പക്ഷേ നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകളും, യുവാക്കളുടെ കൂട്ടായ്മകളുമായിരുന്നു കരോളിന്റെ യഥാർഥ വിരുന്നൊരുക്കിയിരുന്നത്. വാടകക്കെടുത്ത പപ്പാവേഷവും, ഡ്രമ്മും, തകിലുമായി പെട്രോൾ മാക്സിന്റെ അരണ്ടവെളിച്ചത്തിൽ ഇരുട്ടിനെ കീറിമുറിച്ച് പുഴയും, പാടവും, നാട്ടുവഴികളും പിന്നിട്ട് പോകുന്ന ഈ ചെറുസംഘങ്ങൾ നാട്ടിൻപുറങ്ങളിലെ ക്രിസ്മസ് രാവുകളുടെ ഒളിമങ്ങാത്ത കാഴ്ചകളാണ്. ഡ്രമ്മിന്റെ തുകൽ ശബ്ദം കാതുതുളച്ചാലും ഉറക്കം നടിച്ചുകിടന്നിരുന്ന ചിലരെ ഉണർത്താനുള്ള ചില പൊടിക്കൈ വിദ്യകളും ഇവർ സ്വായത്തമാക്കിയിരുന്നു. ഒട്ടേറെ ക്രിസ്മസുകൾ പിന്നിട്ട് ഉദ്യാനനഗരത്തിൽ ജീവിതം നയിക്കുന്ന മലയാളികൾക്ക് ഇതെല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ മാത്രമായി മാറി. നാട്ടിൻപുറങ്ങൾക്കും ഇപ്പോൾ ഈ കാഴ്ചകൾ അന്യമായിക്കൊണ്ടിരിക്കുകയാണ്.
ബെംഗളൂരു റീമേക്ക്...

നഗരത്തിലെ ക്രിസ്മസ് രാവുകൾക്ക് ഇക്കുറി തണുപ്പ് കൂടുതലാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം രാത്രിയിൽ തണുപ്പ് 14 ഡിഗ്രി വരെ എത്തിയിരുന്നു. എന്നാൽ ആ മധുരസ്മരണകൾ അയവിറക്കി അതിനൊപ്പം കരോൾ ഗാനങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്ന നിരവധി കൊച്ചു സംഘങ്ങൾ ഇക്കുറി ഉദ്യാനഗരിയിലുണ്ടായിരുന്നു.
നഗരത്തിലെ മലയാളി ക്രൈസ്തവ ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് കരോൾസംഘങ്ങൾ രൂപീകരിച്ചിട്ടുള്ളത്. നഗരത്തിലെ പ്രത്യേകതകൾ കൊണ്ടുതന്നെ എല്ലാ വീട്ടിലും കയറിയിറങ്ങാൻ ഈ സംഘങ്ങൾക്കാകില്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളിൽ ഇവർ തമ്പേറുമായി എത്താറുണ്ട്. പലരും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന കരോൾ പരിപാടികളാണ് നടത്തുന്നത്.

ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിപ്പെടാൻ കഴിയുന്നവരായി ഈ കരോൾ സംഘങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പണ്ട് പെട്രോൾമാക്സും കത്തിച്ച് പാടവരമ്പിലൂടെയായിരുന്നു യാത്രയെങ്കിൽ ഇന്ന് അത് വാഹനങ്ങളിലേക്കു ചുവടുമാറ്റിയെന്നതു മാത്രമാണ് വ്യത്യാസം. ബാക്കിയെല്ലാം പഴയതുതന്നെ ദാസേട്ടനും, മാർക്കോസുമെല്ലാം ആലപിച്ച പഴയ ഹിറ്റ് കരോൾ ഗാനങ്ങൾക്കുമെല്ലാം ഇന്നും ഇവരിൽ പലരും ഈണമിടുന്നുണ്ട്. ആവശ്യമെങ്കിൽ ചിലയിടങ്ങളിൽ കന്നടയിലും, ഇംഗ്ലീഷിലുമുള്ള ഗാനങ്ങൾ പയറ്റാനും ഇവർക്ക് മടിയില്ല.

പ്രത്യാശയുടെ പ്രകാശം പൊഴിക്കുന്ന നക്ഷത്രവിളക്കുകൾ, സ്നേഹവചനങ്ങൾ ആലേഖനം ചെയ്ത കാർഡുകൾ, ആഘോഷത്തിന്റെ മാധുര്യം വഴിയുന്ന കേക്കുകൾ, രക്ഷാകരമായ ജനനത്തിന്റെ വെളിച്ചം വിതറുന്ന ക്രിസ്മസ് മരങ്ങൾ. താഴ്മയുടെ പ്രതീകമായ തിരുപ്പിറവി ദൃശ്യവത്കരിക്കുന്ന പുൽക്കൂട്. ആഹ്ലാദത്തിന്റെ വെടിക്കോപ്പുകൾ...ക്രിസ്മസിന്റെ ആഘോഷമുഖങ്ങൾക്ക് വൈവിധ്യമേറെ. ഉദ്യാനനഗരിയിലെ ക്രിസ്മസ് ഇവയൊന്നുമില്ലാതെ പൂർണമാകുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram