Representational Image| Photo: Mathrubhumi
മൈസൂരു: ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി വീട്ടിനു തീപിടിച്ച സംഭവത്തില്‍ സംസ്ഥാന ഉപഭോക്തൃ കോടതിയില്‍നിന്ന് കുടക് സ്വദേശിക്ക് അനുകൂലവിധി. ഉപഭോക്താവിനുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരമായി വൈദ്യുതിവിതരണ കമ്പനി പലിശസഹിതം 6.20 ലക്ഷം രൂപ നല്‍കാനാണ് കോടതിയുടെ ഉത്തരവ്.
കുടകിലെ സോമവാരപേട്ട് താലൂക്കിലെ നാഗരൂര്‍ ഗ്രാമസ്വദേശി എസ്.എല്‍. ശങ്കറിന്റെ വീട്ടിനാണ് തീപിടിച്ചത്. 2017 ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് ശങ്കറിന്റെ വീട്ടിനു സമീപത്തെ ട്രാന്‍സ്ഫോമറില്‍ 11 കെ.വി.യുടെ വൈദ്യുതക്കമ്പി പൊട്ടിവീണു. ഇതോടെ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച് ശങ്കറിന്റെ വീട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീപ്പിടിത്തമുണ്ടാവുകയും ഭൂരിഭാഗം വൈദ്യുത സാമഗ്രികള്‍ കത്തിനശിക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
സംഭവത്തില്‍ ശങ്കര്‍ പോലീസില്‍ പരാതി നല്‍കുകയും ചാമുണ്ഡേശ്വരി വൈദ്യുതിവിതരണ കോര്‍പ്പറേഷന്റെ സോമവാരപേട്ട് സബ്ഡിവിഷനില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍, നടപടിയുണ്ടാകാതെ വന്നതോടെ വൈദ്യുതിവിതരണ കോര്‍പ്പറേഷന്‍ എം.ഡി.ക്കും ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരേ മടിക്കേരി ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2018 നവംബര്‍ 17-ന് ശങ്കറിന് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍, സംഭവം ദൈവത്തിന്റെ പ്രവൃത്തി കാരണമുണ്ടായ പ്രകൃതിദുരന്തമാണെന്നും തങ്ങള്‍ ഉത്തരവാദിയല്ലെന്നും കോര്‍പ്പറേഷന്‍ വാദിച്ചു. തുടര്‍ന്ന് ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, വൈദ്യുതക്കമ്പിയും ട്രാന്‍സ്ഫോമറും ചാമുണ്ഡേശ്വരി കോര്‍പ്പറേഷന്റേതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോര്‍പ്പറേഷന് സാധിക്കില്ലെന്നും വ്യക്തമാക്കി.
തുടര്‍ന്ന് കോര്‍പ്പറേഷന്‍ എം.ഡി.യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശങ്കറിന് നഷ്ടപരിഹാരമായി പലിശസഹിതം ആറുലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടു. ഇതിനുപുറമേ പരാതിക്കാരനുണ്ടായ മാനസികവേദനയ്ക്ക് 10,000 രൂപയും കോടതിച്ചെലവിനത്തില്‍ 10,000 രൂപയും നല്‍കണമെന്നും വ്യക്തമാക്കി. രണ്ടുമാസത്തിനകം മുഴുവന്‍ തുകയും നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.