പ്രതീകാത്മകചിത്രം| Photo: AP
ബെംഗളൂരു : സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിൻ വിതരണം ഫെബ്രുവരി 15-ഓടെ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ്. 50 വയസ്സ് കഴിഞ്ഞവർക്കും ഏതെങ്കിലും ഗുരുതര രോഗമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ കുത്തിവെക്കുക. ഒന്നാം ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് സംസ്ഥാനത്ത് വാക്‌സിൻ നൽകുന്നത്. ഒന്നാംഘട്ടം 37 ശതമാനത്തോളം ഇതിനോടകം പൂർത്തിയായിട്ടുള്ളത്. വരും ദിവസങ്ങളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടത്തിൽ രണ്ടുകോടിയോളം പേരാണ് ഉൾപ്പെടുന്നത്. നേരത്തേ ആരോഗ്യവകുപ്പ് വീടുകളിൽ കയറി കുടുംബാംഗങ്ങളുടെ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും 50 -വയസ്സിന് മുകളിലുള്ളവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരേയും കണ്ടെത്തി പട്ടിക തയ്യാറാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിനുള്ള പ്രാരംഭനടപടികൾ തുടങ്ങി.രണ്ടാംഘട്ടത്തിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും സംസ്ഥാനത്തുടനീളം സജ്ജീകരിക്കും.
എന്നാൽ വാക്‌സിനെടുത്തവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ വലിയ തോതിൽ വാക്സിനേഷൻ നടക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുമോയെന്ന ആശങ്കയുണ്ട്. രണ്ടാം ഘട്ടം തുടങ്ങുന്നതിനു മുമ്പായി ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഒന്നാംഘട്ടം വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. സുധാകർ പറഞ്ഞു. കേന്ദ്ര ആരോഗ്യവകുപ്പും സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണതൃപ്തി അറിയിച്ചിട്ടുണ്ട്. ഒന്നാംഘട്ടം ഫെബ്രുവരി രണ്ടാം ആഴ്ചയോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കുന്നതോടെ കോവിഡ് ഭീതി ഒഴിയുമെന്നും സംസ്ഥാനം പൂർണമായും സാധാരണ നിലയിലേക്ക് എത്തുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
കോവാക്സിൻ രണ്ടാംബാച്ച് എത്തി
:ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ രണ്ടാംബാച്ചും സംസ്ഥാനത്തെത്തിച്ചു. 1,46,240 ഡോസാണ് എത്തിയത്. നേരത്തേ 20,000 ഡോസ് കോവാക്‌സിൻ സംസ്ഥാനത്തെത്തിച്ചിരുന്നു. ഹാസൻ, ശിവമോഗ, ചിക്കമഗളൂരു, ദാവണഗെര, ബല്ലാരി, ചാമരാജനഗർ എന്നിവിടങ്ങളിലാണ് ആദ്യബാച്ചിലെത്തിയ കോവാക്‌സിൻ വിതരണം ചെയ്തത്. കഴിഞ്ഞദിവസമെത്തിയ കോവാക്സിൻ ബെംഗളൂരുവിലെ സംസ്ഥാനതല വാക്സിൻ സംഭരണകേന്ദ്രത്തിലേക്ക് മാറ്റി.
ഏതൊക്കെ ജില്ലകളിൽ ഇവ വിതരണം ചെയ്യണമെന്നതുസംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
കോവാക്സിൻ സ്വീകരിക്കാൻ മെഡിക്കൽ കോളേജ് ഡോക്ടർമാർ നേരത്തേ വിസമ്മതിച്ചിരുന്നു. ഏതു വാക്സിനാണ് കുത്തിവെക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അനുമതി നൽകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.